കാപ്പ തടങ്കല്‍ ചുമത്തിയതറിഞ്ഞ് ഒരു വര്‍ഷം മുന്‍പ് മുങ്ങി; ഉത്തരവ് നടപ്പാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗസറ്റ് വിജ്ഞാപനം; ഒടുവില്‍ പ്രതി അറസ്റ്റില്‍
കാപ്പ കേസ് പ്രതി പിടിയില്‍
അടൂര്‍: ജില്ലാ കലക്ടറുടെ തടങ്കല്‍ ഉത്തരവറിഞ്ഞു ഒളിവില്‍ പോയ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പറക്കോട് ഇജാസ് മന്‍സില്‍ വീട്ടില്‍ ഇജാസ് റഷീദ് (26) ആണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം(കാപ) വകുപ്പ് 3 പ്രകാരം ജില്ലാ പോലീസ് മേധാവി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് തടങ്കല്‍ ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ പുറപ്പെടുവിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാത്ത വിധം ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് കലക്ടര്‍ കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് കാപ നിയമം അനുസരിച്ച് വിളംബര ഉത്തരവ് പുറത്തിറക്കി. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നിശ്ചിത കാലാവധിക്കകം പ്രതി ഹാജരാവുകയോ ഹാജരാകാന്‍ സാധിക്കാത്തതിനു വിശദീകരണം നല്‍കുകയോ ചെയ്യാതെ ഒളിവില്‍ തുടര്‍ന്നു. പിന്നീട്, ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അടൂര്‍ പോലീസ് പ്രതിക്കെതിരെ കഴിഞ്ഞ മാര്‍ച്ച് 21 ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജമാക്കിയതിനെ തുടര്‍ന്ന് 31 ന് രാത്രി എട്ടിന് പറക്കോട് ജങ്ഷനില്‍ നിന്നും എസ്.ഐ ഡി. സുനില്‍ കുമാറും സംഘവും കസ്റ്റഡിയില്‍ എടുത്തു. ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലുമാണ് അന്വേഷണം നടന്നത്.
2018 മുതല്‍ ഇയാള്‍ വധശ്രമം,മനപൂര്‍വമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കഞ്ചാവ് കൈവശം വക്കല്‍, വീടുകയറി ആക്രമണം, ആയുധം കൊണ്ടുള്ള ആക്രമണം, പോലീസ് എക്സൈസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു സമൂഹത്തില്‍ സമാധാനജീവിതത്തിനു ഭീഷണിയുയര്‍ത്തി
വരികയാണ്. പ്രതിക്കെതിരെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഒമ്പതും പന്തളത്ത് ഒരു കേസുമാണുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കാപ കേസുകള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുന്നവര്‍ക്കും, സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ കര്‍ശനമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.