മയക്കുമരുന്നിന്റെ ലഹരിയില്‍ ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം; ജീവനക്കാരോടും രോഗികളോടും തട്ടിക്കയറി; പോലീസിന് നേര്‍ക്കും ചാടിക്കയറ്റം; യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
മയക്കുമരുന്നിന്റെ ലഹരിയില്‍ ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം
കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മട്ടന്നൂര്‍ പോലീസിനോടും ഇവര്‍ തട്ടിക്കയറി. നടി മയക്കുമരുന്ന് ലഹരിയിലായിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
മട്ടന്നൂര്‍ ലോഡ്ജില്‍ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് കൂടെയുള്ളവര്‍ ആസ്പത്രിയിലെത്തിച്ചത്. ആസ്പത്രിയില്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും അവിടെയുള്ള ജീവനക്കാരുടെയും രോഗികളുടെയും നേരേ അവര്‍ തട്ടിക്കയറി. പരാക്രമം തുടര്‍ന്നതോടെ ആസ്പത്രി അധികൃതര്‍ മട്ടന്നൂര്‍ പോലീസില്‍ വിവരമറിയിച്ചു.
താന്‍ തുടര്‍ച്ചയായി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവരികയാണെന്നും ആസ്പത്രിയിലെത്തിച്ചവരുടെ ഒപ്പം പോകില്ലെന്നും പോലീസിന്റെ സംരക്ഷണം ആവശ്യമാണെന്നും നടി പറഞ്ഞതായി ആസ്പത്രി ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷം ഇവരെ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.