മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് റദ്ദായതിന്റെ ഉത്തരവാദിത്വം ബാങ്കിന്; വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍
മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് റദ്ദായതിന്റെ ഉത്തരവാദിത്വം ബാങ്കിന്
ആലപ്പുഴ: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബാങ്ക് എടുത്തു നല്‍കിയിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാലാവധി ഇടപാടുകാരുടെ കുഴപ്പം കൊണ്ടല്ലാതെ റദ്ദായതിന്റെ ഉത്തരവാദിത്തം ബാങ്കിനാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത. 35 വര്‍ഷമായി കാനറാ ബാങ്കുമായി ഇടപാടു നടത്തുന്ന തങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാനുള്ള തുക അക്കൗണ്ടില്‍ നിന്നും ഈടാക്കിയിട്ടും പോളിസി പുതുക്കി നല്‍കിയില്ലെന്ന വയോധികരുടെ പരാതിയിലാണ് കമ്മീഷന്‍ ഇടപെട്ടത്.
2020 മുതല്‍ ഇന്‍ഷുറന്‍സ് പോളിസി സംബന്ധമായി ബാങ്ക് പരാതിക്കാരില്‍ നിന്നും ഈടാക്കിയ തുകയുടെ വിവരങ്ങളും തുക ഈടാക്കിയ തീയതികളും ഇക്കാലയളവില്‍ പരാതിക്കാര്‍ക്ക് പോളിസി നല്‍കേണ്ട ഇന്‍ഷുറന്‍സ് കമ്പനിയുടെ പൂര്‍ണ വിവരങ്ങളും മേയില്‍ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത കാനറാ ബാങ്ക് കായംകുളം ശാഖാ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കായംകുളം പേരുമന പ്രസന്നന്‍ പിള്ളയും പത്മിനി കുഞ്ഞമ്മയും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കാനറാ ബാങ്ക് ചീഫ് മാനേജരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 2020 വരെ അപ്പോളോ ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് പരാതിക്കാര്‍ക്ക് നല്‍കിയതെന്നും 2020 ല്‍ എച്ച്. ഡി. എഫ്. സി. ബാങ്കും ചേര്‍ന്ന് ബാങ്ക് ധാരണയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബജാജ് അല്ലെങ്കില്‍ ടാറ്റാ പോളിസിയിലേക്ക് മാറാന്‍ പരാതിക്കാര്‍ക്ക് അവസരം നല്‍കിയെങ്കിലും പരാതിക്കാര്‍ പഴയ പോളിസി രേഖകള്‍ ഹാജരാക്കിയില്ല. പരാതിക്കാരുടെ അനാസ്ഥ കാരണമാണ് പോളിസി റദ്ദായ തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ 2021-22 , 2022-23 ല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രീമിയം പരാതിക്കാരുടെ അക്കൗണ്ടില്‍ നിന്നും ഈടാക്കിയതായി പരാതിക്കാര്‍ അറിയിച്ചു. പക്ഷേ പോളിസി നല്‍കിയില്ല. പരാതിക്കാര്‍ നല്‍കിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്ന് കാനറാ ബാങ്ക് കമ്മീഷനെ അറിയിച്ചു. എന്നാല്‍ പോളിസി റദ്ദായതു കാരണം 70 വയസു കഴിഞ്ഞ തങ്ങള്‍ക്ക് ഇനി പോളിസി എടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു.
പരാതിക്കാര്‍ രേഖകള്‍ ഹാജരാക്കാത്തതു കാരണം പോളിസി പുതുക്കാനായില്ലെന്ന ബാങ്കിന്റെ നിലപാട് കമ്മീഷന്‍ അംഗീകരിച്ചില്ല. ബാങ്കിന്റെ അനാസ്ഥ കാരണം മുതിര്‍ന്ന പൗരന്‍മാരുടെ പോളിസി റദ്ദായെന്ന ആക്ഷേപം ഗൗരവമായി കാണുന്നതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.