ഇതും ഒരു തരം നമ്പര്‍; പിക്കപ്പ് ജീപ്പിന്റെ യഥാര്‍ഥ നമ്പര്‍ മാറ്റി വ്യാജന്‍ വച്ച് സഞ്ചാരം; കെഎസ്ആര്‍ടിസി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോന്നി പോലീസ്
കെഎസ്ആര്‍ടിസി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോന്നി പോലീസ്
കോന്നി: നമ്പര്‍ മാറ്റി ഓടിച്ച പിക്കപ്പ് വാഹനം പോലീസ്‌കസ്റ്റഡിയിലെടുത്തു, ഡ്രൈവറെ അറസ്റ്റ ചെയ്തു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ ചെങ്ങറ രാജേഷ് ഭവനം വീട്ടില്‍ അയ്യപ്പന്‍ (42) ആണ് പിടിയിലായത്. പോലീസ് ഇന്‍സ്പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
കെഎല്‍ 03 എഎഫ് 2541 എന്ന മഹീന്ദ്ര പിക്കപ്പ് വാഹനത്തില്‍ കെഎല്‍ 03 എ ഡി 3008 നമ്പര്‍ വ്യാജമായി പതിച്ച് ഓടിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊതു ഖജനാവിനും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നഷ്ടമുണ്ടാക്കിയതിനെതിരായ വകുപ്പുകള്‍ കൂടി ചേര്‍ത്ത് പോലീസ് കേസെടുത്തു.
അട്ടച്ചാക്കല്‍ ടാക്സി സ്റ്റാന്‍ഡിന് എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം, രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പിടിച്ചെടുക്കുകയായിരുന്നു. വണ്ടിയില്‍ ഉണ്ടായിരുന്ന അയ്യപ്പനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും, വാഹനത്തിന്റെ മുന്നിലും പിന്നിലും പതിച്ചിരുന്ന നമ്പരും, ആര്‍സി ബുക്കില്‍ കാണിച്ച നമ്പരും വ്യത്യസ്തമാണെന്ന് പരിശോധനയില്‍ ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി വണ്ടി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പിന്നീട് വണ്ടിയുടെ എന്‍ജിന്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ രജിസ്ട്രേഷന്‍ നമ്പരും യഥാര്‍ത്ഥ ഉടമയെയും പോലീസ് കണ്ടെത്തി. നിയമാനുസരണം ഉള്ള ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ വ്യാജ രജിസ്ട്രേഷന്‍ നമ്പര്‍ പതിച്ചാണ് ഗുഡ്സ് ക്യാരിയര്‍ ആയി സര്‍വീസ് നടത്തിവന്നിരുന്നതെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പത്തനംതിട്ട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ 2015 മുതല്‍ ജോലി നോക്കി വരുന്ന ഡ്രൈവര്‍ ആണ് പ്രതി. ഇപ്പോള്‍ സര്‍വിസിലുള്ള ഇയാള്‍, കോഴിക്കോട് റൂട്ടിലെ ബസിലാണ് നിലവില്‍ ജോലി ചെയ്യുന്നത്. ഗതാഗത നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഇയാള്‍ മറ്റൊരു വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് വ്യാജമായി നിര്‍മ്മിച്ച് വാഹനത്തിന്റെ മുന്നിലും പിന്നിലും പിടിപ്പിച്ച് ഉപയോഗിച്ച് വരികയായിരുന്നു.
ഇയാളെ പറ്റി പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഗുഡ്സ് കാരിയറായി വാഹനം ഉപയോഗിച്ചുകൊണ്ട് ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ,ഇയാള്‍ക്കൊപ്പം വേറെ പ്രതികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനും മറ്റുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. പോലീസ് ഇന്‍സ്പെക്ടര്‍ പി ശ്രീജിത്തിനോടൊപ്പം, എസ് ഐ പ്രഭ, പ്രോബെഷന്‍ എസ് ഐ ദീപക്ക്, എ എസ് ഐ അഭിലാഷ്, സിപിഓമാരായ അരുണ്‍, രാഗേഷ് എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.