കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തം; മരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദഗ്ധരുടെ സംഘത്തെ നിയോഗിക്കും; യുപിഎസ് യൂണിറ്റിലെ അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും ആരോഗ്യ മന്ത്രി
മരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദഗ്ധരുടെ സംഘത്തെ നിയോഗിക്കും
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലുണ്ടായ പുകയെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ വിദഗ്ധരായ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ സത്യാവസ്ഥ പറയാന്‍ സാധിക്കുകയുളളൂവെന്നും മന്ത്രി പറഞ്ഞു.
' ചെറിയ പുക ഉയര്‍ന്നപ്പോള്‍ തന്നെ രോഗികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസും സമഗ്രാന്വേഷണം നടത്തുന്നുണ്ട്. സംഭവസമയത്ത് കളക്ടറും എംഎല്‍എയും ആശുപത്രിയില്‍ ഉണ്ടായിരുന്നു. എല്ലാവരെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
രോഗികളുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാര്‍ പരിശോധിച്ച് വരികയാണ്. ചികിത്സ ആര്‍ക്കും നിഷേധിക്കപ്പെടില്ല. അതില്‍ ഇടപെടും. 37 രോഗികളാണ് മറ്റ് ആശുപത്രിയില്‍ ചികിത്സയിലുളളത്. കൂടുതല്‍ അന്വേഷണത്തിനായി മറ്റ് മെഡിക്കല്‍ കോളേജിലുളള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമെത്തും'- മന്ത്രി അറിയിച്ചു.
സംഭവം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയര്‍ന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ട്് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്‌നമോ ആണ് ഉള്ളടക്കം. 2026 ഒക്ടോബര്‍ വരെ വാറന്റി ഉള്ള എംആര്‍ഐ യുപിഎസ് (MRI ups) യൂണിറ്റ് ആണ് അപകടത്തില്‍ ആയത്. 6 മാസം മുമ്പ് വരെ മൈന്റനന്‍സ് നടത്തിയത് ആണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അപകടം ഉണ്ടാകുമ്പോള്‍ 151 രോഗികള്‍ ഉണ്ടായിരുന്നു. 114 പേര്‍ ഇപ്പോഴും എംസിഎച്ചി (MCH) ല്‍ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
അപകടം സംഭവിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ 37 രോഗികളുടെ ചികിത്സാച്ചെലവിനെക്കുറിച്ച് വീണാ ജോര്‍ജ് കൂടുതല്‍ വ്യക്തത വരുത്തിയിട്ടില്ല. ഡോക്ടര്‍മാര്‍ ചികിത്സ കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. ബില്ലിന്റെ കാര്യം ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ട് നോക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.