കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ പൊട്ടിത്തെറി; മരിച്ച് കുടുംബത്തി നഷ്ടപരിഹാരം നല്‍കണം; സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ കണക്കുകള്‍ പുറത്ത് വിടണം; പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സംഭവിച്ച പൊട്ടിത്തെറിയും തുടര്‍ന്നുണ്ടായ മരണങ്ങളും വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു.
മരണത്തിന് കീഴടങ്ങിയവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ കണക്കുകള്‍ പുറത്ത് വിടണം, അവരുടെ ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം, ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിലുള്ള പ്രതിഷേധം ജില്ലാ പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ആശുപത്രിയില്‍ എമര്‍ജന്‍സി എക്സിറ്റ് പോലുമില്ലെന്നും ആശുപത്രിയ്ക്കകത്തുള്ള റാമ്പുകള്‍ മാലിന്യ കെട്ടിയിടുന്ന നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തെ ദുരന്തമായി കണക്കാക്കി ആരോഗ്യമന്ത്രി പ്രതികരിക്കണമെന്നും, നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് സ്ഥലത്തു നിന്നു നീക്കുകയായിരുന്നു.