ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണ മരണം
ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണ മരണം
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഐടി ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. ഡൊംലൂര്‍ മേല്‍പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ കോഴിക്കോട് കക്കോടിയില്‍ കക്കോടി ഹൗസില്‍ ജിഫ്രിന്‍ നസീര്‍ (24) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശി പ്രണവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ കോറമംഗലയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നു മടങ്ങുന്നതിനിടെയാണ് അപകടം. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അബ്ദുല്‍ നസീര്‍-ബല്‍ക്കീസ് നസീര്‍ ദമ്പതികളുടെ മകനാണ് ജിഫ്രിന്‍. സബാഹ് മുഹമ്മദ്, ജസ്‌ന നസീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മാന്യത ടെക് പാര്‍ക്കില്‍ പ്രോഗ്രാം അനലൈസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം എഐകെഎംസിസിയുടെ സഹായത്തോടെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.