ഇറങ്ങി ഓടിക്കോട..; പാഞ്ഞെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് 'എല്‍.ഡി.എഫ്' സമരപ്പന്തലിലേക്ക് ഇടിച്ചു കയറി; കുതറിയോടി പ്രവർത്തകർ; ഒരാള്‍ക്ക് പരിക്ക്
കണ്ണൂര്‍: നിര്‍മാണത്തിലിരിക്കുന്ന സമരപ്പന്തലിലേക്ക് പാഞ്ഞെത്തിയ കെ.എസ്ആര്‍.ടിസി ബസ് ഇടിച്ചുകയറി അപകടം. സംഭവത്തിൽ ഒരാള്‍ക്ക് പരിക്ക്. പന്തല്‍ നിര്‍മാണതൊഴിലാളിയായ അസം സ്വദേശി ഹസനാണ് പരിക്ക് പറ്റിയത്. പന്തലിനുമുകളിലുണ്ടായിരുന്ന ഹസന്‍ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇയാളുടെ കഴുത്തിനും കാലിനുമാണ് പരിക്കേറ്റത്.
എല്‍.ഡി.എഫ്.ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ചിനായി നിര്‍മിക്കുകയായിരുന്ന പന്തലിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് കയറുകയായിരുന്നു. ബസിന്റെ മുകളിലെ ലഗേജ് കാരിയര്‍ പന്തലിന്റെ ഇരുമ്പ് പൈപ്പില്‍ കുരുങ്ങിയാണ് അപകടം നടന്നത്. കമ്പികള്‍ അഴിച്ചു മാറ്റിയാണ് ബസ് സ്ഥലത്ത് നിന്ന് മാറ്റിയത്.
ആളുകളും വാഹനങ്ങളും സ്ഥിരമായി പോകുന്ന കണ്ണൂര്‍ പഴയ സ്റ്റാന്‍ഡിലെ റോഡിലേക്ക് ഇറക്കിയാണ് സമരപ്പന്തല്‍ നിര്‍മിച്ചിരുന്നത്. പന്തല്‍ ഭാഗികമായി തകര്‍ന്നു. കണ്ണൂരില്‍ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോകുന്ന ബസാണ് പന്തലില്‍ ഇടിച്ചുകയറിയത്.
പന്തല്‍ നിര്‍മിച്ചത് അശാസ്ത്രീയമായിട്ടാണെന്നും വാഹനങ്ങളെ വഴിതിരിച്ചുവിടാതെ വാഹനങ്ങളും ആളുകളും പോകുന്ന റോഡിലേക്ക് ഇറക്കിയാണ് പന്തല്‍ കെട്ടിയതെന്നും നാട്ടുകാർ ആരോപണം ഉയർത്തുന്നു.