സ്പെഷ്യൽ സർവീസിനായി 5000 രൂപ ഈടാക്കി ജോലിയിൽ പ്രവേശിപ്പിച്ചു; 7 ദിവസം കഴിഞ്ഞ് കാരണം കാണിക്കാതെ പിരിച്ചു വിട്ടു; ശമ്പളവുമില്ല ഈടാക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റുമില്ല; ജീവനക്കാരുടെ വയറ്റത്തടിച്ച് കെഎസ്ആർടിസി
പത്തനംതിട്ട: കെഎസ്ആർടിസി ബദലി കണ്ടക്ടർ നിയമനത്തിലൂടെ ശബരിമല സ്പെഷ്യൽ സർവീസിനെടുത്ത ജീവനക്കാരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കി ജോലിയിൽ പ്രവേശിച്ച് 7 ദിവസങ്ങൾക്ക് ശേഷം പറഞ്ഞു വിട്ടതായി ആരോപണം. 7 ദിവസത്തെ ശമ്പളവും ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ജോലിക്ക് പ്രവേശിക്കുന്നതിനായി കൈപ്പറ്റിയ സെക്യൂരിറ്റി ഡെപ്പോസിറ്റായ 5000 രൂപയും തിരിച്ചു നൽകാൻ അധികൃതർ തയ്യാറാവുന്നില്ല എന്നാണ് ആരോപണം. കൊല്ലം സ്വദേശിയായ ആനന്ദ് റെക്സ് എന്ന ജീവനക്കാരനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
2008 ലായിരുന്നു എംപാനൽമെൻറ് ജീവനക്കാരനായി ആനന്ദ് റെക്സ് കെഎസ്ആർടിസിയിൽ ജോലി ആരംഭിച്ചത്. 2020 കോവിഡ് ലോക്കഡൗൺ കാലഘട്ടം വരെ ജോലി ജോലിയിൽ തുടർന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം 2024 നവംബർ മാസത്തിൽ ശബരിമല സ്പെഷ്യൽ സർവീസിനായ് ബദലി കണ്ടറ്റർമാരെ വീണ്ടും നിയോഗിക്കുന്ന അറിയിപ്പ് പുറത്ത് വന്നത്. ഇതിനായി 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കുകയുയും ചെയ്തു. തുടർന്ന് നവംബർ മാസം 20 ന് പണം ഈടാക്കിയ ശേഷം ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ കാരണം കാണിക്കാതെ 7 ദിവസങ്ങൾക്ക് ശേഷം ശമ്പളം പോലും നൽകാതെ പിരിച്ചു വിട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാർ. പരാതിയുമായി കെഎസ്ആർടിസി അധികൃതരെ കാണാനെത്തിയപ്പോൾ മന്ത്രി ഗണേഷ് കുമാറിനെ കാണാനായിരുന്നു നിർദ്ദേശം. 7 ദിവസത്തിനായി 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി ജോലിക്ക് കയറിയ തങ്ങളെ കബളിപ്പിക്കപ്പെട്ടതായാണ് ജീവനക്കാർ പറയുന്നത്. 2022 ൽ ജോലിക്ക് പ്രവേശിച്ച ബദലി ജീവനക്കാർ സർവീസിൽ തുടരുന്നുണ്ട്. ഇത് കൂടി മുന്നിൽ കണ്ട് ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് സ്പെഷ്യൽ സർവീസിനെത്തിയ ജീവനക്കാരാണിപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.