കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി;ആറ്റിങ്ങലില്‍ യുവ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം: മരണം അപകടത്തിന്റെ രൂപത്തിലെത്തിയത് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍
കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി; ആറ്റിങ്ങലില്‍ യുവ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി യുവ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ പിന്നാലെ എത്തിയ കണ്ടെയ്‌നര്‍ ഇടിച്ചു വീഴ്ത്തുക ആയിരുന്നു. കൊല്ലം കൊട്ടറ സ്വദേശിനി കൃപ മുകുന്ദനാ(29)ണ് ദാരുണമായി മരിച്ചത്.
ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി സ്വദേശി അഖില്‍ ജിത്തുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യവേ കണ്ടെയ്‌നര്‍ ലോറി ബൈക്കിന് പുറകില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു. കൃപയുടെ മൃതദേഹം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ അഖില്‍ ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയായ കൃപ മുകുന്ദനും അഖില്‍ ജിത്തുമായുള്ള വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 21നായിരുന്നു. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയത്ത് ഹെവി വാഹനങ്ങള്‍ക്ക് യാത്ര വിലക്ക് നിലനില്‍ക്കുമ്പോഴും ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നു എന്നതും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.