ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ 500ന്റെ നോട്ടുകളുമായെത്തി; സംശയം തോന്നി അധികൃതർ പോലീസിൽ അറിയിച്ചു; വ്യാജ നോട്ടുകളുമായി ലോട്ടറി വിൽപനക്കാരൻ പിടിയിൽ
കുന്നുകര: സഹകരണ ബാങ്കിൽ വ്യാജ നോട്ട് കൈമാറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് ലോട്ടറി വിൽപനക്കാരൻ. സംഭവത്തിൽ വയൽകര പ്ലാശ്ശേരി വീട്ടിൽ ശ്രീനാഥ് (32) ആണ് അറസ്റ്റിലായത്.
ബാങ്ക് അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
കുന്നുകരയിലുള്ള സഹകരണ ബാങ്കിൽ പ്രതിക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. ഈ അക്കൗണ്ടിലേക്ക് 500ന്‍റെ 11 വ്യാജ നോട്ടുകൾ നിക്ഷേപിക്കാൻ ഏൽപിച്ച ശേഷം ഇയാൾ മടങ്ങി. എന്നാൽ ലഭിച്ച നോട്ടുകളിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ ചെങ്ങമനാട് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പോലീസ് ഇയാളെ ഗോതുരുത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. കൂടാതെ നോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ ലോട്ടറി വിൽപനക്കിടെ നോട്ടുകൾ റോഡരികിലെ പുല്ലിൽ നിന്ന് കിട്ടിയതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു