നെല്‍കര്‍ഷകര്‍ക്കുള്ള ബോണസ് തുടരും: കേന്ദ്രസര്‍ക്കാര്‍ നീക്കം തള്ളിക്കളയുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ്

നെല്‍കര്‍ഷകര്‍ക്കുള്ള ബോണസ് തുടരും: കേന്ദ്രസര്‍ക്കാര്‍ നീക്കം തള്ളിക്കളയുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ്

Update: 2026-02-08 12:05 GMT

ആലപ്പുഴ: നെല്ലുസംഭരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹന ബോണസ് തുടരുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ കേരളം തള്ളിക്കളയുന്നു. കേന്ദ്രത്തിന്റെ കത്തിന് നിര്‍ദേശം അംഗീകരിക്കില്ലെന്ന് സംസ്ഥാനം മറുപടി നല്‍കി.

സംസ്ഥാന വിഷയമാണ് കൃഷി. സംസ്ഥാനത്തിന് കര്‍ഷകരെ സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതുമായ ഉത്തരവാദിത്വമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ അധികാരത്തിനു മുകളില്‍ കയറുന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ല. കേന്ദ്രസര്‍ക്കാരിന് കോര്‍പ്പറേറ്റുകളോട് പ്രണയവും കര്‍ഷകരോട് വിദ്വേഷവുമാണ്. കേന്ദ്രത്തിന്റെ വാദഗതി കാര്‍ഷിക രാജ്യമായ ഇന്ത്യയ്ക്ക് അംഗീകരിക്കാനാകില്ല.

സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും കൃഷിവകുപ്പ് സംഭരിക്കുന്നുണ്ട്. എന്നാല്‍, ഇത്രയും നെല്ല് സംഭരിക്കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനോട് ആവശ്യപ്പെടുന്നത്. ഇന്ത്യയുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായിട്ടുള്ള ധാന്യ ഇറക്കുമതിക്കായി നിലമൊരുക്കുകയാണ് ബിജെപി സര്‍ക്കാര്‍.

സംസ്ഥാനങ്ങളോട് ആലോചിക്കാതെയും അറിയിക്കാതെയും ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയുമാണ് രാജ്യത്തിന്റെ ആഭ്യന്തര കാര്‍ഷിക വിപണി പൂര്‍ണമായും അമേരിക്കയ്ക്ക് തുറന്നുനല്‍കുന്നത്. വ്യാപാരക്കരാര്‍ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാന്‍ കൃഷിവകുപ്പിന്റെ പ്രത്യേക സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കരാര്‍ നാളികേര, ക്ഷീര കര്‍ഷക, റബര്‍ കാര്‍ഷിക മേഖലകളെ സാരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News