'എന്റെ മോന്റെ പടം കൊള്ളില്ല എന്ന് മേജര്‍ രവി പറഞ്ഞു എന്നാണ് മല്ലിക ചേച്ചി പറഞ്ഞത്; ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; സത്യാവസ്ഥകളെ മറച്ചുവച്ചുകൊണ്ട് സിനിമ ചെയ്തു എന്നാണ് പറയുന്നത്; മോഹന്‍ലാലിനെ ആരെങ്കിലും ചെളിവാരിത്തേച്ചാല്‍ പ്രതികരിക്കാന്‍ എനിക്കാരുടെയും അനുവാദം വേണ്ട; വീണ്ടും മറുപടിയുമായി മേജര്‍ രവി

Update: 2025-04-04 06:13 GMT

കൊച്ചി: എമ്പുരാന്‍' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകനും നടനും ബിജെപി നേതാവുമായ മേജര്‍ രവി. വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം പൂര്‍ണമായി കണ്ടിരുന്നില്ലെന്നും സിനിമയിലെ വിവാദഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും മേജര്‍ രവി അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍ പ്രതികരണവുമായി രംഗത്തുവന്നു. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ അങ്ങനെ ഒരിക്കലും പറയില്ലെന്നും മല്ലിക പറഞ്ഞു.

മോഹന്‍ലാലിന് വേണ്ടെങ്കില്‍ പോലും താന്‍ അദ്ദേഹത്തിനെതിരേയുള്ള ആക്രമണങ്ങളെ ചെറുക്കുമെന്നും പൃഥ്വിരാജിനെതിരേ താനൊന്നും പറഞ്ഞിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു. 'ഞാനും എഴുത്തുകാരനാണ്. ഞാന്‍ മല്ലിക ചേച്ചിയുടെ മോനേ ഒറ്റപ്പെടുത്തി എന്ന് പറഞ്ഞു. സാങ്കേതികപരമായി സിനിമ ഗംഭീരമാണ്. പക്ഷേ രാജ്യദ്രോഹപരമായ ഉള്ളടക്കമുണ്ട്. ഞാനായി പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് അന്ന് പറയാതിരുന്നത്. പക്ഷേ പിന്നീട് ജനങ്ങള്‍ രംഗത്തിറങ്ങി. 'എന്റെ മോന്റെ പടം കൊള്ളില്ല എന്ന് മേജര്‍ രവി പറഞ്ഞു എന്നാണ് മല്ലിക ചേച്ചി പറഞ്ഞത്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. എന്നെ കുറ്റം പറയണ്ട. സത്യാവസ്ഥകളെ മറച്ചുവച്ചുകൊണ്ട് സിനിമ ചെയ്തു എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ ആരെങ്കിലും ചെളിവാരിത്തേച്ചാല്‍ പ്രതികരിക്കാന്‍ എനിക്കാരുടെയും അനുവാദം വേണ്ട. മേജര്‍ രവി ആരാണെന്ന് ചോദിച്ചാല്‍ മോഹലിന്റെ ചങ്കാണ്. മോഹന്‍ലാലിന് വേണ്ടെങ്കിലും വേണമെങ്കിലും. അന്നും ഇന്നലെയും തുടങ്ങിയ സൗഹൃദമല്ല, അത് വര്‍ഷങ്ങളായി. മോഹന്‍ലാല്‍ പ്രിവ്യൂ കണ്ടോ ഇല്ലയോ എന്നും ഞാന്‍ പറഞ്ഞത് കള്ളമാണോ എന്നും നിങ്ങള്‍ അന്വേഷിച്ചു നോക്കൂ. സൈബര്‍ അറ്റാക്കിനെ ഞാന്‍ ഭയപ്പെടുന്നില്ല. ബുള്ളറ്റിനെ പേടിച്ചില്ല, പിന്നെയാണോ സൈബര്‍ ആക്രമണം.'- മേജര്‍ രവി പറഞ്ഞു.

''അത് വേണ്ടായിരുന്നു മേജര്‍ രവി' എന്നാണ് എനിക്ക് മേജര്‍ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാന്‍ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാന്‍ ഉള്ളത്. മേജര്‍ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആര്‍ക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹന്‍ലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളില്‍ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജര്‍ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകന്‍ എന്ത് പിഴച്ചു?''-ഇതായിരുന്നു മല്ലികയുടെ പ്രതികരണം.

Tags:    

Similar News