മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു; രോഗികളില്‍ ഒരാള്‍ ഏഴ് വയസ്സുകാരന്‍; പ്രദേശത്ത് വ്യാപക പരിശോധനയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ച് ആരോഗ്യ വകുപ്പ്

Update: 2025-09-29 08:40 GMT

മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളില്‍ ഒരാള്‍ ഏഴ് വയസ്സുകാരനാണ്. നാലുദിവസം മുമ്പ് ഇവര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മലപ്പുറത്തേക്ക് എത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പടി പ്രദേശത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധനയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വീടുകള്‍ സന്ദര്‍ശിച്ച് ശുചിത്വം പാലിക്കണമെന്നും കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കി.

ചിരട്ടകള്‍, ഉപേക്ഷിച്ച പാത്രങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചെടിച്ചട്ടികള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നിടങ്ങള്‍ കണ്ടെത്തി കളയാണമെന്ന് വീട്ടുകാര്‍ക്ക് പ്രത്യേക മുന്നറിയിപ്പും നല്‍കി. റിപ്പോര്‍ട്ട് ചെയ്ത പ്രധാന കേന്ദ്രങ്ങളില്‍ വീണ്ടും പരിശോധന ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കൊതുക് വഴി പകരുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി, പൊതുവേ ''ചതുപ്പ് പനി'' എന്നും അറിയപ്പെടുന്നു. വിറയലോടുകൂടിയ പനി, ശരീരവേദന, തലവേദന, ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ ചുമ, കണ്ണിലെയും തൊലിപ്പുറത്തെയും മഞ്ഞ നിറവും കണ്ടുവരാം.

സമയോചിതമായ ചികിത്സ ഇല്ലെങ്കില്‍ കരള്‍, വൃക്ക, മസ്തിഷ്‌കം തുടങ്ങിയ അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് എത്താനും മരണത്തില്‍ കലാശിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News