ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ മല്ലപ്പുഴശേരി കുടുംബാരോഗ്യ കേന്ദ്രവിവാദം: പുതിയ സ്ഥലത്ത് അവകാശവാദമുന്നയിച്ച് കെപിഎംഎസ്; ആശുപത്രി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
മല്ലപ്പുഴശേരി കുടുംബാരോഗ്യ കേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലത്തിലെ മല്ലപ്പുഴശേരി കുടുംബാരോഗ്യ കേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല. പതിറ്റാണ്ടുകളായി മല്ലപ്പുഴശേരി പഞ്ചായത്തിലെ പുന്നക്കാട് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇതിനായി കണ്ടെത്തിയ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് കെ.പി.എം.എസ്. ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലം തങ്ങളുടെ ആരാധനാ കേന്ദ്രം ഉള്‍പ്പെട്ടതെന്നാണ് ഇവര്‍ ഗ്രാമപഞ്ചായത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതോടെ ആശുപത്രി നീക്കം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ആശുപത്രി മാറ്റാനുള്ള നീക്കം പഞ്ചായത്ത് കമ്മറ്റി ആരംഭിച്ചതോടെ പുന്നയ്ക്കാട് ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലെ നാട്ടുകാര്‍ പ്രതിഷേധവുമായി
രംഗത്തിറങ്ങിയിരുന്നു.
ആശുപത്രി മാറ്റുന്നതിനെതിരെ സമരം നടത്താനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ആശുപത്രി ഇവിടെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് മുന്‍പാണ് പുന്നക്കാട് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ഇതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.
ഇപ്പോള്‍ കിടത്തി ചികിത്സ ലഭ്യമാക്കി കുടുംബാരോഗ്യ കേന്ദ്രം അനുവദിക്കാമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം വന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ നിലവിലെ ചികിത്സാ സൗകര്യം മാറ്റുന്നതിന് നാട്ടുകാര്‍ അനുകൂലമായിരുന്നില്ല. പിന്നാലെയാണ് വിവാദവും പ്രതിഷേധവും ആരംഭിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തില്‍ ഭരണം നടത്തുന്ന ഇടത് മുന്നണിയിലെ പടല പിണക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്.കമ്മറ്റിയുടെ അനുമതി ഇല്ലാതെ കെട്ടിട പെര്‍മിറ്റ് നല്‍കിയതിനെതിരെ പരാതിയുമായി ബി.ജെ.പി രംഗത്ത് എത്തിയിട്ടുണ്ട്. അടിയന്തിര കമ്മറ്റി ചേരാന്‍ ഇവര്‍ നോട്ടീസ് നല്‍കുമെന്നും അറിയിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രം നിലനിര്‍ത്തുമെന്ന് പ്രസിഡന്റ്.
പുന്നയ്ക്കാട് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന മല്ലപ്പുഴശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം പഞ്ചായത്തിന്റെ മധ്യ ഭാഗത്താണ്. അതിനാല്‍ തന്നെ ഇത് മാറ്റാനുള്ള നീക്കത്തെ പിന്തുണക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു ജിജു ജോസഫ് അറിയിച്ചു. താന്‍ പ്രസിഡന്റ് ആയ ശേഷം ഇതിനായുള്ള ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. പൗരസമിതി ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തില്‍ പുതുതായി അനുവദിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഇപ്പോള്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇത് കുഴിക്കാലയില്‍ സ്ഥാപിക്കാന്‍ സ്ഥലം സൗജന്യമായി ലഭ്യമാക്കാമെന്ന് പഞ്ചായത്തംഗം മേഴ്സി സാമുവേല്‍ കമ്മറ്റി യോഗത്തില്‍ അറിയിച്ചിരുന്നു.എന്നാല്‍ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് പുതിയ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രം സ്ഥാപിച്ചാലും നിലവിലെ ആശുപത്രി ഡോക്ടറുടെ സൗകര്യത്തോടെ ഇവിടെ തന്നെ തുടരുന്നതിന് ശ്രമിക്കുമെന്നും ഇതിനായുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.