വാട്‌സ്ആപ്പ്, ടെലിഗ്രാം വഴി പെയ്ഡ് ടാസ്‌ക് കൊടുക്കും; വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ വലയിലാക്കും: പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍
വാട്‌സ്ആപ്പ്, ടെലിഗ്രാം വഴി പെയ്ഡ് ടാസ്‌ക് കൊടുക്കും;10 ലക്ഷത്തോളം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
ആലപ്പുഴ: വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ആളുകളെ വലയിലാക്കി പണം തട്ടിയ യുവാവ് അറസ്റ്റില്‍. പെയ്ഡ് ടാസ്‌ക് മുഖാന്തരം പത്ത് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് രാമങ്കരി പൊലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തൃശ്ശൂര്‍ ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി തിലേഷ് (40) നെയാണ് രാമങ്കരി പൊലീസ് ഇരിങ്ങാലക്കുടയിലെ ബാറില്‍ നിന്ന് പിടികൂടിയത്. നിരവധി സാങ്കേതിക വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ സമര്‍ത്ഥമായാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി സുന്ദര്‍ സിംഗിനെ പൊലീസ് കോയമ്പത്തൂരില്‍ നിന്ന് മുന്‍പ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ബാക്കിയുള്ള പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും രാമങ്കരി പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. രാമങ്കരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ വി യുടെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ പ്രേംജിത്ത്, എസ് സിപിഒ മുഹമ്മദ് കുഞ്ഞ്, സിപിഒ വിഷ്ണു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.