പെറ്റമ്മയുടെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ആ മകൻ; ചടങ്ങ് എല്ലാം കഴിഞ്ഞതും നെഞ്ചുവേദനയെ തുടർന്ന് പ്രവാസി മലയാളിയുടെ മരണം; വേദനയോടെ കുടുംബം

Update: 2026-01-13 09:54 GMT

റിയാദ്: അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. ദമ്മാമിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും നവോദയ റാക്ക ഏരിയ പ്രസിഡന്റുമായ തൃശ്ശൂർ തലക്കോട്ടുക്കര സ്വദേശി അനിൽകുമാറാണ് (48) മരണപ്പെട്ടത്. ജനുവരി 9-ന് വൈകുന്നേരം പെട്രോൾ പമ്പിൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ജനുവരി 4 ഞായറാഴ്ചയാണ് അനിൽകുമാറിന്‍റെ അമ്മ കാർത്ത്യായനി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചത്. അമ്മയുടെ മരണവിവരമറിഞ്ഞ് അന്നുതന്നെ അനിൽകുമാർ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഭാര്യയോടൊപ്പം പുറത്തുപോയപ്പോഴാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

ദമ്മാമിലെ ഫോർത്ത് മില്ലിങ് കമ്പനിയിൽ ലേത്ത് ഓപ്പറേറ്ററായി ജോലി ചെയ്തുവന്ന അനിൽകുമാർ, ദമ്മാം നവോദയയുടെ ഖോബാർ റീജനൽ കമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയും സൗമ്യമായും പെരുമാറിയിരുന്ന അദ്ദേഹം ദമ്മാമിലെയും ഖോബാറിലെയും പ്രവാസി സമൂഹത്തിൽ വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു. അനിൽകുമാറിന്‍റെ ആകസ്മിക വിയോഗത്തിൽ പ്രവാസി സുഹൃത്തുക്കളും സഹപ്രവർത്തകരും അതീവ ദുഃഖത്തിലാണുള്ളത്. ദമ്മാം നവോദയയും പ്രവാസി സമൂഹവും അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Tags:    

Similar News