ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായി ലഭിച്ച 'കാഞ്ഞിരക്കായ' എടുത്ത് കഴിച്ചു; വീട്ടിലെത്തിയപ്പോൾ ക്ഷീണവും തലകറക്കവും; പാലക്കാട് യുവാവിന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-01-23 09:54 GMT
പാലക്കാട്: കുടുംബ ക്ഷേത്രത്തിൽ ആചാരത്തിന്റെ ഭാഗമായി നടന്ന ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. പരുതൂർ കുളമുക്കിലാണ് ദാരുണ സംഭവം നടന്നത്. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കായ കഴിച്ചാണ് മരണമെന്നാണ് നിഗമനം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം തോറും ആചാരങ്ങൾ നടത്താറുള്ളത്.
വെളിച്ചപ്പാടായി തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ തൃത്താല പോലീസ് അസ്വാഭാവിക കേസ് എടുക്കുകയും ചെയ്തു.