നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധന; അതിജീവിത നല്‍കിയ ഉപഹര്‍ജിയില്‍ വിധി തിങ്കളാഴ്ച
നിലവിലെ റിപ്പോര്‍ട്ട് റദ്ദാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് ആവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അതിജീവിത നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. നിലവിലെ റിപ്പോര്‍ട്ട് റദ്ദാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വിഷയം അന്വേഷിക്കണമെന്നാണ് ആവശ്യം.
നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും സുപ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാര്‍ഡ്. ഇതിന്റെ ഹാഷ് വാല്യു മാറിയതില്‍ അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിത മുന്നോട്ട് വെക്കുന്നകാര്യം. ഇതുചൂണ്ടിക്കാട്ടി നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുക.