തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയില്‍; വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിന് കൊടുത്തയക്കണം; പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പരിസരത്ത് ആശാ വര്‍ക്കര്‍മാര്‍ തലമുണ്ഡനം ചെയ്ത് നടത്തുന്ന സമരം ഡല്‍ഹിയിലായിരിക്കണം എന്നാണ് യോഗ്യമായ പ്രതിഷേധമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. വെട്ടിയ തലമുടി കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കണമെന്ന് അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. സമരത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ നുഴഞ്ഞുകയറിയതായും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പിന്തുണ കൊണ്ട് ആശാ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സാധാരണയായി സ്‌കീം വര്‍ക്കര്‍മാര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ പദവി ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തമെടുക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആശ കേന്ദ്രാവിഷ്‌കൃത പദ്ധതിയായതിനാല്‍, ഇന്‍സെന്റീവ് നല്‍കുന്നതില്‍ 60% കേന്ദ്രവും 40% സംസ്ഥാനവും ഫണ്ട് നല്‍കുന്നു.3,000 രൂപയായി നിശ്ചയിച്ച ഫിക്‌സഡ് ഇന്‍സെന്റീവ് തുകയില്‍ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവുമാണ് നല്‍കുന്നത്. കൂടാതെ, കേരള സര്‍ക്കാര്‍ 7,000 രൂപയുടെ ഓണറേറിയം കൂടി നല്‍കുന്നു.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അല്ലാതെ, കേന്ദ്രം പങ്ക് നല്‍കുന്ന ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സമരക്കാര്‍ പറയുന്നില്ല. ഇത് ഇരട്ടത്താപ്പാണ്. ആശാവര്‍ക്കര്‍മാര്‍ക്കായി ഓണറേറിയം ആദ്യമായി പ്രഖ്യാപിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 1,000 രൂപ മാത്രമായിരുന്നു പ്രതിമാസ ഓണറേറിയം. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 7,000 രൂപയായി വര്‍ധിപ്പിച്ചതായി മന്ത്രി പറഞ്ഞു.
ആശാവര്‍ക്കര്‍മാര്‍ക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിശ്ചിത നിബന്ധനകള്‍ പ്രകാരം, ജോലിചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ 13,200 രൂപ വരെ ലഭ്യമാണ്, അതില്‍ 10,000 രൂപ സംസ്ഥാന വിഹിതമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.