മുഖംമൂടിധാരികള്‍ എത്തിയത് ബുള്ളറ്റിൽ; പ്ലാസ്റ്റിക് കവറുകളില്‍ കൊണ്ടു വന്ന പെട്രോള്‍ കാറുകള്‍ക്ക് മുകളിലേക്ക് എറിഞ്ഞ് തീകൊളുത്തി; വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിച്ച സംഭവത്തില്‍ ദുരൂഹത
നിലമ്പൂർ: മലപ്പുറം നിലമ്പൂർ കോടതിപ്പടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ ദുരൂഹ സാഹചര്യത്തിൽ കത്തിച്ച നിലയിൽ. പുലർച്ചെ ഒന്നരയോടെ ബുള്ളറ്റിലെത്തിയ മുഖംമൂടിധാരികളായ മൂന്നുപേരാണ് കാർ കത്തിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോടതിപ്പടിയിലെ പെട്രോൾ പമ്പിൽ നിന്ന് ബോട്ടിലിൽ പെട്രോൾ വാങ്ങിയെത്തിയ സംഘം, റോസ് ഇന്റർനാഷനൽ ബാറിന് സമീപത്തെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിൽ ഒന്നിന് മുകളിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. മറ്റ് രണ്ട് കാറുകളിലേക്കും പ്ലാസ്റ്റിക് കവറുകളിലാക്കിയ പെട്രോൾ എറിഞ്ഞ് കത്തിക്കാൻ ശ്രമം നടന്നു. ഒരു കാർ പൂർണമായി ആളിക്കത്തിയതോടെ പരിഭ്രാന്തരായ അക്രമികൾ ഗേറ്റ് അടച്ച് കടന്നുകളയുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത്. ഉടൻതന്നെ തീയണച്ച് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കി. സംഭവത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ്, രാത്രി പതിനൊന്നോടെ ബാറിൽ നിന്ന് മദ്യം വാങ്ങിപ്പോവുകയായിരുന്ന മൂന്ന് പേർ വീട്ടുമുറ്റത്ത് ബഹളമുണ്ടാക്കുകയും ഇത് വീട്ടുകാർ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവവുമായി കാർ കത്തിച്ചതിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗം വിശദമായ പരിശോധന നടത്തി. പെട്രോൾ കൊണ്ടുവന്നതായി കരുതുന്ന കവറുകളും മറ്റ് നിർണ്ണായക തെളിവുകളും ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി മാറും. അക്രമികളെ കണ്ടെത്താനും സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാനുമുള്ള ഊർജിതമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.