നീലേശ്വരം വെടിക്കെട്ടപകടത്തില്‍ ജാമ്യത്തില്‍ ഇറങ്ങിയ രണ്ട് ക്ഷേത്ര ഭാരവാഹികള്‍ നാട്ടില്‍ നിന്ന് മുങ്ങി; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി; ഒളിവില്‍ പോയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Update: 2024-11-10 08:54 GMT

നീലേശ്വരം: നീലേശ്വരം വെടിക്കെട്ടപകടത്തില്‍ ജാമ്യത്തില്‍ ഇറങ്ങിയ രണ്ട് ക്ഷേത്ര ഭാരവാഹികള്‍ ഒളിവില്‍ പോയതായി സൂചന. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ.ശന്ദ്രശേഖരന്‍ സെക്രട്ടറി കെ.ടി. ഭരതന്‍ എന്നിവരാണ് നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് നേരത്തേ കീഴ്ക്കോടതി ജാമ്യം അനുവദിച്ചിരുന്നത് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്് ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കഴിഞ്ഞ ദിവസം ഇവര്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതികളുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികള്‍ നാട്ടില്‍ നിന്ന് മുങ്ങിയതായിട്ടാണ് പോലീസ് പറയുന്നത്. ക്ഷേത്ര കമ്മിറ്റിയുടെ അലംഭാവം കൊണ്ട് മാത്രമാണ് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ നീലേശ്വരം വെടിക്കെട്ടപകടം ഉണ്ടായതെന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്ത് വന്നിട്ടുള്ളത്.

അന്വേഷണ സംഘം ഹാജരാക്കിയ അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചതായി, ജില്ലാ സെഷന്‍സ് കോടതിയുടെ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ പറയുന്നു. അവിടത്തെ കാഴ്ചകള്‍ ഭയാനകമാണ്. ആള്‍ക്കാരുടെ അടുത്ത് പടക്കം പൊട്ടിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് അറിയാത്തവരല്ല പ്രതികള്‍. അതിനാല്‍ തന്നെ നരഹത്യാ കുറ്റം ചുമത്തുന്നതില്‍ പ്രശ്നമില്ല. ആള്‍ക്കാര്‍ കൂടിയിരിക്കുന്ന സ്ഥലത്ത് പടക്കം പൊട്ടിച്ച ഒരാള്‍, കുറ്റാരോപിതനാണ് എന്ന് പറയാന്‍ കൂടുതല്‍ തെളിവ് കണ്ടുപിടിക്കേണ്ടതില്ല.

തിര നിറച്ച ഒരുതോക്ക് കുട്ടിയുടെ കൈയില്‍ കൊടുത്ത് ജനങ്ങളുടെ ഇടയിലേക്ക് വിട്ട അവസ്ഥയാണ് അവിടെയുണ്ടായത്. ആചാരത്തിന്റെ പേരില്‍ ഇത്തരം വെടിക്കെട്ടുകള്‍ ഇങ്ങനെ തുടരേണ്ടതുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ. ഇനിയും ഇത്തരം വെടിക്കെട്ട് നടക്കുമ്പോള്‍, അതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. അഞ്ച് പേരാണ് നീലേശ്വരം വെടിക്കെട്ടപകടത്തില്‍ ഇതുവരെ മരിച്ചിരിക്കുന്നത്.

154പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്തുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പടക്കം പൊട്ടുന്നതിനിടയില്‍ തീ അടുത്തുള്ള പടക്ക പുരയിലേക്ക് വീണാണ് അപകം ഉണ്ടാകുന്നത്. കളിയാട്ട മഹോത്സവത്തിനിടെയായിരുന്നു സംഭവം.

Tags:    

Similar News