നെഹ്‌റു ട്രോഫി വള്ളംകളി: കപ്പടിച്ച് വീയപുരം ചുണ്ടൻ; കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ; തിരിച്ചു പിടിച്ചത് കഴിഞ്ഞ തവണ മില്ലി സെക്കന്റിനു കൈവിട്ട കിരീടം; നടുഭാഗം രണ്ടാം സ്ഥാനത്ത്
ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി പുന്നമടക്കായൽ. വാശിയേറിയ മത്സരത്തിനൊടുവിൽ വീയപുരം ചുണ്ടൻ വീണ്ടും കിരീടം നേടി. ഫോട്ടോ ഫിനിഷിലാണ് വിജയം. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, നാലാം ട്രാക്കിൽ വീയപുരം എന്നിങ്ങനെയായിരുന്നു പ്രധാന ചുണ്ടൻ വള്ളങ്ങൾ അണിനിരന്നത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിനു കൈവിട്ട കിരീടം തിരിച്ചു പിടിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിക്കിരീടം ചൂടിയത്.
ആവേശകരമായ മത്സരത്തിൽ 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തത്. കൃത്യമായ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിനുള്ള നൂതന സംവിധാനങ്ങൾ ഇത്തവണ ഏർപ്പെടുത്തിയിരുന്നു. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ വെർച്വൽ ലൈനോടുകൂടിയ ഫിനിഷിങ് സംവിധാനം ഉപയോഗിച്ചത് ശ്രദ്ധേയമായി.
അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനിലെ തുഴക്കാരിൽ ഇതരസംസ്ഥാനക്കാർ കൂടുതലാണെന്ന ആരോപണവുമായി യുബിസിയും പിബിസിയും രംഗത്തെത്തി. ഇത് സംബന്ധിച്ച് ക്ലബ്ബുകൾ സംഘാടകർക്ക് പരാതി നൽകിയിട്ടുണ്ട്.