ആദ്യ രാത്രിയില്‍ തന്നെ നവവധുവിന്റെ 30 പവന്റെ സ്വര്‍ണം മോഷണം പോയി; പോയത് വിവാഹശേഷം അലമാരയില്‍ വച്ച് പൂട്ടിയ ആഭരണങ്ങള്‍; പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: വിവാഹത്തിന് ശേഷം ആദ്യരാത്രിയില്‍ തന്നെ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ. അര്‍ജുന്റെ ഭാര്യയും കൊല്ലം സ്വദേശിനിയുമായ ആര്‍ച്ച എസ്. സുധി (27)യുടെ ആഭരണങ്ങളാണ് മോഷണം പോയത്.
മെയ് ഒന്നിന് ഇരുവരുടെയും വിവാഹം നടന്നിരുന്നു. വൈകിട്ട് വീട്ടിലെത്തിയ ദമ്പതികള്‍ മുകളില്‍ നിലയിലുള്ള കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചത്. എന്നാല്‍ മെയ് 2ന് രാത്രി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കാണാതായത്. അതിനിടെ, 6 മണിക്കും രണ്ടിന് രാത്രി 9നും ഇടയിലാണ് മോഷ്ണം നടന്നിരിക്കാം എന്ന് കാണിച്ച് യുവതി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിവാഹത്തിന് അനുബന്ധിച്ച് വീട്ടില്‍ അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നതായും, അലമാര തുറന്ന് ആരാണ് സ്വര്‍ണം മോഷ്ടിച്ചതെന്നും വ്യക്തമല്ല. ശാഖാ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധനയും തെളിവെടുപ്പും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നും എല്ലാ സാധ്യതകളും പരിഗണിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് വ്യക്തമാക്കി.