കൊല്‍ക്കത്തയില്‍ ലോഡ് ഇറക്കി വരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കഞ്ചാവ് കടത്ത്; 18 കിലോ കഞ്ചാവുമായി രണ്ടു പേര്‍ തിരുവല്ലയില്‍ പിടിയില്‍
തിരുവല്ല: കൊല്‍ക്കത്തയിലേക്ക് ലോഡുമായി പോയ ലോറി തിരികെ വരും വഴി ഒഡീഷയില്‍ നിന്ന് കഞ്ചാവ് കടത്തുന്ന രണ്ടു പ്രതികളെ പോലീസ് 18 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ഡാന്‍സാഫ് സംഘവും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ നാഷണല്‍ പെര്‍മിറ്റ് ഭാരത് ബെന്‍സ് ലോറിയില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 18 കിലോയോളം കഞ്ചാവുമായി പുനലൂര്‍ പിറവന്തൂര്‍ കറവൂര്‍ പാലമൂട്ടില്‍ വീട്ടില്‍ എസ് സന്ദീപ് (24), കൊടുമണ്‍ ആയിക്കാട് കോടിയില്‍ വീട്ടില്‍ ജിതിന്‍ മോഹന്‍(39) എന്നിവരെ കസ്റ്റഡിയിലെടുത്തത്.
എംസി റോഡില്‍ മുത്തൂര്‍ ഭാഗത്ത് നിന്നും വന്ന ലോറിയില്‍ 12 പായ്ക്കറ്റിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ബുധന്‍ വൈകിട്ട് മൂന്നരയോടെയാണ് മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ പോലീസ് സംഘം വാഹനം തടഞ്ഞു പിടികൂടിയത്. വാഹനത്തില്‍ നിന്നും എയര്‍ ഗണും കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. ചരക്കുമായി കൊല്‍ക്കൊത്തക്ക് പോയി മടങ്ങും വഴി ഒഡീസയില്‍ നിന്നാണ് കഞ്ചാവ് വാഹനത്തില്‍ കടത്തിക്കൊണ്ടുവന്നത്.
ലോറി കൊട്ടാരക്കര സ്വദേശിയായ അനില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാപ്പാ കേസില്‍ ഉള്‍പ്പെട്ട അടൂര്‍ സ്വദേശി വിഷ്ണു വിജയന് ബന്ധമുള്ളതായും വെളിവായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ജിതിന്‍ കൊടുമണ്‍, അടൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലയിലെ കുന്നിക്കോട്, പുനലൂര്‍, കുണ്ടറ, പൂയപ്പള്ളി, പത്തനാപുരം, കരുനാഗാപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകള്‍ കൂടാതെ വര്‍ക്കല, കായം കുളം പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.