ശബരിമല കട്ടിളപ്പാളി കേസ്: എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം; ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ജയിലില്‍ തന്നെ തുടരും
കൊല്ലം: ശബരിമല കട്ടിളപ്പാളി സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കോടതി നടപടി. എന്നാല്‍, ദ്വാരപാലക ശില്പ കേസിലും പത്മകുമാര്‍ റിമാന്‍ഡിലായതിനാല്‍ അദ്ദേഹത്തിന് നിലവില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.
2025 നവംബര്‍ 20-നാണ് കട്ടിളപ്പാളി കേസില്‍ പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസില്‍ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലും 90 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം കിട്ടും. കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍. വാസു എന്നിവര്‍ നേരത്തെ തന്നെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര്‍ക്ക് 41-ാം ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണ്ണപ്പാളികള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനാണെന്നും, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും ജാമ്യവിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.