വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കാറിന്റെ ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല; നഷ്ടപരിഹാരവും കോടതി ചെലവുമടക്കം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ബംമ്പര്‍ ടു ബംബര്‍ ഇന്‍ഷുറന്‍സ് കവറേജ് എടുത്തിട്ടും നഷ്ടപരിഹാരം നിഷേധിച്ചു

Update: 2024-10-23 11:49 GMT

കൊച്ചി: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കാറിന്റെ ഇന്‍ഷുറന്‍സ് തുക നല്‍കിയില്ലെന്ന പരാതിയില്‍ നഷ്ടപരിഹാരവും കോടതി ചെലവുമടക്കം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. ബംബര്‍ ടു ബംബര്‍ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്ന കാര്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി തകരാറിലായതിനെ തുടര്‍ന്ന് അവകാശപ്പെട്ട ഇന്‍ഷുറന്‍സ് തുക നല്‍കിയില്ലെന്ന പരാതിയിലാണ് സര്‍വീസ് സെന്ററും ഇന്‍ഷുറന്‍സ് കമ്പനിയും നഷ്ടപരിഹാരവും കോടതി ചെലവും ഇന്‍ഷുറന്‍സ് തുകയും ഉപഭോക്താവിന് നല്‍കാന്‍ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്.

എറണാകുളം സ്വദേശി പി.ടി ഷാജു, സായി സര്‍വീസസ് ഇടപ്പിള്ളി, മാരുതി ഇന്‍ഷുറന്‍സ്, പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മാരുതി ബലേനോ ആല്‍ഫാ പെട്രോള്‍ കാര്‍ ആണ് പരാതിക്കാരന്‍ വാങ്ങിയത്. ബംമ്പര്‍ ടു ബംബര്‍ ഇന്‍ഷുറന്‍സ് കവറേജും എടുത്തു. 10,620/ രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി അടച്ചത്. എക്സ്റ്റന്‍ഡഡ് വാറണ്ടിയും എതിര്‍കക്ഷികള്‍ വാഗ്ദാനം ചെയ്തു. വെള്ളപ്പൊക്കത്തില്‍ പെട്ട കാറിന്റെ എഞ്ചിന്‍ ബ്ലോക്ക് ആവുകയും റിപ്പയര്‍ ചെയ്യാന്‍ കഴിയില്ല എന്ന് സര്‍വീസ് സെന്റര്‍ അറിയിക്കുകയും ചെയ്തു.

മാറ്റിവയ്ക്കുന്നതിനുള്ള ചിലവായ 64,939/ രൂപയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വെറും 8000 രൂപ മാത്രമേ അനുവദിച്ചുള്ളൂ. ബാക്കി തുകയായ 56 939രൂപയും 40000/ രൂപ നഷ്ടപരിഹാരവും കോടതി ചെലവും അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍ 8000/ രൂപ മാത്രമേ അനുവദിക്കാന്‍ നിര്‍വാഹമുള്ളൂ എന്ന നിലപാടാണ്എതിര്‍കക്ഷികള്‍ സ്വീകരിച്ചത്. എതിര്‍കക്ഷികക്ഷികളുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി .ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍ , ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

കേസിലെ ഒന്നും രണ്ടും എതിര്‍ കക്ഷികള്‍ ഇന്‍ഷുറന്‍സ് തുകയായ 56,939/ രൂപയും 30,000/ രൂപ നഷ്ടപരിഹാരവും 15,000/ രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. ഈശ്വരപ്രസാദ് കോടതിയില്‍ ഹാജരായി.

Tags:    

Similar News