സ്വന്തം ജീവന്‍ ത്യജിച്ച് ഹസീബ് രക്ഷിച്ചത് നിരവധി ജീവനുകള്‍; കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി ഡ്രൈവര്‍ യാത്രയായത് മറ്റുള്ളവര്‍ക്കു പുതുജീവന്‍ നല്‍കി

കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കവെ ബസ്സ് ഡിവൈഡറില്‍ കയറുകയായിരുന്നു

Update: 2024-10-28 17:12 GMT

കെ.എം റഫീഖ്

മലപ്പുറം: കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി ഡ്രൈവര്‍ യാത്രയാകുന്നത് വാഹനത്തിലെ നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചശേഷം. കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ 47വയസ്സുകാരനായ താനാളൂര്‍ പകര സ്വദേശി ചക്കിയത്തിന്‍ ഹസീബാണ് മരിച്ചത്. മലപ്പുറം ഡിപ്പോയില്‍ നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി യുടെ സൂപ്പര്‍ ഡീലക്സ് ബസ്സ് പുലര്‍ച്ചെ നാലോടെ നഞ്ചന്‍ഗോഡിന് സമീപം മധൂരില്‍ അപകടത്തില്‍പെടുകയായിരുന്നു. മുന്നില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടത് മൂലം കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കവെ ബസ്സ് ഡിവൈഡറില്‍ കയറുകയായിരുന്നു.

ഇടിയുടെ ആഗാധത്തില്‍ ഹസീബ് സീറ്റില്‍ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണ് മരണം സംഭവിക്കുകയായിരുന്നു. വീഴ്ചയില്‍ ബസ്സിന്റെ മെയിന്‍ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗുരുതര പരിക്കേറ്റാണു ജീവന്‍ നഷ്ടപെട്ടത്. ഹസീബിന്റെ ജീവന്‍ ത്യജിച്ച പ്രവര്‍ത്തനം ബസ്സിലെയും കാറിലെയും യാത്രക്കാര്‍ യാതൊരു പരിക്ക് പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഭാര്യ: ബദറുന്നിസ. മക്കള്‍: ഹനാന്‍, അല്‍ഫ. പിതാവ്: സിദ്ദീഖ്. മാതാവ്: ഇയ്യാത്തുട്ടി. സഹോദരങ്ങള്‍: ബാസീം, ഹഫീദ്, സക്കീന. കബറടക്കം നാളെ രാവിലെ ഏഴിനു പകര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

അതേ സമയം രാമന്തളി കുരിശുമുക്കില്‍ മറ്റൊരു വാഹനാപകടത്തില്‍ ഇന്നു രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി പി ശ്രീലേഖയെ (49) പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

രാമന്തളി പഞ്ചായത്ത് 5ാം വാര്‍ഡിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തില്‍ നിന്നും മൂന്ന് പേര്‍ കുരിശുമുക്കില്‍ നിന്നും രാമന്തളി റോഡില്‍ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീര്‍ക്കാന്‍ പോകവെയായിരുന്നു അപകടം. കുരിശുമുക്ക് ഏഴിമല ടോപ് റോഡില്‍ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്സ് വാഹനമാണ് നിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞത്. ശോഭ സംഭവ സ്ഥലത്തു വെച്ചും യശോദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

Tags:    

Similar News