കോടതിയിലേക്ക് കൊണ്ടു പോകവെ തടവു പുള്ളി ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി; പിന്നാലെ ചാടി പ്രതിയെ പിടികൂടി പോലിസ്
കോടതിയിലേക്ക് കൊണ്ടു പോകവെ തടവു പുള്ളി ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി; പിന്നാലെ ചാടി പ്രതിയെ പിടികൂടി പോലിസ്
ഷൊര്‍ണൂര്‍: കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്ന തടവുപുള്ളി ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്നാല ചാടയ പോലിസുകാര്‍ പിടികൂടി. കാസര്‍കോട്ടുനിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് ഓടുന്ന തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. തീവണ്ടി ഷൊര്‍ണൂര്‍ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേല്‍പ്പാലത്തിലെത്തിയപ്പോള്‍ ഇയാള്‍ തീവണ്ടിയില്‍നിന്നും പുഴയിലേക്ക് ചാടി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടന്നുപോയ മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസിലാണ് സംഭവം. ആലുവ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതിക്ക് രണ്ട് പോലീസുകാരാണ് അകമ്പടിയായി ഉണ്ടായിരുന്നത്. പാലത്തിന് മുകളില്‍ തീവണ്ടിക്ക് വേഗം കുറവാണ്. ഇത് മനസ്സിലാക്കിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. പുഴയില്‍ വെള്ളം കുറവായതിനാല്‍ പ്രതിയെ പോലീസുകാര്‍ക്ക് പിടികൂടാനായി.
പാലം അടുക്കാറായപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്നുപറഞ്ഞ പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് പോലീസുകാര്‍ അഴിച്ചുകൊടുത്തു. വാതിലിന് സമീപമായിരുന്നു അവരപ്പോള്‍. പാലത്തിന് മുകളിലെത്തിയതോടെ പ്രതി പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസുകാരും ഉടനെ പുറകെചാടി പ്രതിയെ പിടികൂടുകയായിരുന്നു.
വെള്ളത്തില്‍വെച്ച് പ്രതിക്ക് അപസ്മാരബാധയുമുണ്ടായി. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷൊര്‍ണൂരില്‍നിന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.