ഗതാഗത നിയമലംഘനത്തില്‍ പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്; പണം നഷ്ടമായത് നിരവധി പേര്‍ക്ക്

ഗതാഗത നിയമലംഘനത്തില്‍ പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്

Update: 2024-11-16 02:51 GMT

മലപ്പുറം: ഗതാഗത നിയമലംഘനം നടത്തിയതില്‍ പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശം അയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. വാഹന ഉടമകളുടെ മൊബൈലിലേക്ക് വാട്സാപ്പിലാണ് തട്ടിപ്പ് സന്ദേശം എത്തുന്നത്. വാഹനനമ്പറും ഉടമയുടെ പേരും പറഞ്ഞ് 'നിങ്ങളുടെ വാഹനം ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെന്നും വാഹന്‍ പരിവാഹനില്‍ ഇ ചെലാന്‍ ആയി പണം അടയ്ക്കണം' എന്നും കാണിച്ച് ഔദ്യോഗിക അറയിപ്പുകളുടെ രീതിയില്‍ ഇംഗ്ലീഷിലാണ് സന്ദേശം വരിക. പരിവാഹനില്‍ പണം അടയ്ക്കാനുള്ള ഇ ചലാന്‍ ഫോമിന്റെ പി.ഡി.എഫ്. ഒപ്പമുണ്ടെന്നും അത് ഡൗണ്‍ലോഡ് ചെയ്ത് പണം അടയ്ക്കണമെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടാവുക. ഈ ചലാന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ മിനിറ്റുകള്‍ക്കകം അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടും.

ഇ ചലാന്‍ പി.ഡി.എഫ്. എന്ന പേരില്‍ അയയ്ക്കുന്നത് ഒരു പേയ്മെന്റ് ലിങ്ക് ആപ്പാണ്. '.മുസ' എന്നാണ് ഇത്തരം ആപ്പുകളില്‍ കാണുക. അത് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ മൊബൈലുമായി ചേര്‍ത്തിട്ടുള്ള അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് കിട്ടും. അതിലൂടെ അവര്‍ പണം തട്ടുകയും ചെയ്യും. പിന്നീട് ഒ.ടി.പി. ചോദിക്കുകയോ മറ്റ് അന്വേഷണങ്ങള്‍ നടത്തുകയോ ഒന്നും ചെയ്യുന്നില്ലെന്നും മിനിറ്റുകള്‍ക്കകം പണം നഷ്ടപ്പെട്ടു എന്നുമാണ് പണം നഷ്ടപ്പെട്ടവര്‍ പറഞ്ഞത്.

ഇത്തരത്തില്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in. ആണ്. മെസ്സേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍നിന്ന് രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വാഹനനമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളൂ. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്സ് ആന്‍ഡ് ഹൈവേസ് പേമെന്റ് ലിങ്ക് ആപ്പ് അയയ്ക്കുകയോ വാട്സ് ആപ്പില്‍ സന്ദേശം അയയ്ക്കുകയോ ചെയ്യുന്നില്ലെന്നും എസ്.എം.എസ്. ആയിട്ടാണ് സന്ദേശം അയ്ക്കാറുള്ളതെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഗതാഗത നിയമലംഘനം, പിഴ, ഓണ്‍ലൈന്‍ തട്ടിപ്പ്, fine

Tags:    

Similar News