തേയിലയ്ക്ക് വളം ഇടുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാട്ടുപോത്ത് കുത്തിയെറിഞ്ഞു; തോട്ടം തൊളിലാളിയായ സ്ത്രീക്ക് ഗുരുതര പരിക്ക്
കാട്ടുപോത്ത് കുത്തിയെറിഞ്ഞു; തോട്ടം തൊളിലാളിയായ സ്ത്രീക്ക് ഗുരുതര പരിക്ക്
മൂന്നാര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിസ്ത്രീക്ക് ഗുരുതര പരിക്ക്. തെന്മല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ സൂസൈ മുത്തുവിന്റെ ഭാര്യ മീന (47)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ലോവര്‍ ഡിവിഷന്‍ ഫീല്‍ഡ് നമ്പര്‍ ഒന്നില്‍ തേയിലയ്ക്ക് വളം ഇടുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
ഇരുപതോളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നിലൂടെ എത്തിയ കാട്ടുപോത്ത് ഇവരെ കുത്തി എറിയുകയായിരുന്നു. നട്ടെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്. മീന ദൂരേക്ക് തെറിച്ചുവീണു. വീഴ്ചയില്‍ കൈകാലുകള്‍ക്കും പരിക്കേറ്റു. മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. മീനയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒരു ഇടവേളയ്ക്കുശേഷമാണ് പ്രദേശത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്നത്. മാര്‍ച്ചില്‍ നല്ലതണ്ണി ഐ.ടി.ഡി. ഫാക്ടറിക്ക് സമീപത്തുണ്ടായ ആക്രമണത്തില്‍ പ്ലംബിങ് തൊഴിലാളിയായ നല്ലതണ്ണി സ്വദേശി മോഹന് പരിക്കേറ്റിരുന്നു. ലാക്കാട് വ്യൂപോയിന്റിന് സമീപത്തുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പെരിയകനാല്‍ ലോവര്‍ ഡിവിഷനില്‍ രാജാമണിക്ക് പരിക്കേറ്റിരുന്നു.