പുഴയില്‍ നിന്നും വെള്ളം കൃഷിയിടങ്ങളിലേക്ക് കയറി; ഒന്നര ലക്ഷത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു

പുഴയില്‍ നിന്നും വെള്ളം കൃഷിയിടങ്ങളിലേക്ക് കയറി; ഒന്നര ലക്ഷത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു

Update: 2024-11-18 03:50 GMT

കാഞ്ഞങ്ങാട്: പുഴയില്‍നിന്നുള്ള വെള്ളം കൃഷിയിടങ്ങളിലേക്ക് കയറി ഒന്നരലക്ഷത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു. കാഞ്ഞങ്ങാടിന് കിഴക്ക് അരയി, കാര്‍ത്തിക പ്രദേശങ്ങളിലാണിത്. ദേശീയപാതയില്‍ നീലേശ്വരം പുഴയില്‍ പുതിയ പാലം പണി നടക്കുകയാണ്. ഇതിന്റെ ഭാഗമായി പുഴയില്‍ മണ്ണിട്ടിരുന്നു. സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളം കൃഷിയിടങ്ങളിലേക്ക് കയറുകയായിരുന്നു.

രണ്ടുമാസം മുന്‍പ് നട്ടു പരിപാലിച്ച വാഴകളാണ് നശിച്ചത്. കൃഷിയിടങ്ങളിലേക്ക് നേരിയ തോതില്‍ വെള്ളമെത്തിത്തുടങ്ങിയത് നാലുദിവസം മുന്‍പാണെന്ന് കര്‍ഷകര്‍ പറഞ്ഞു. അരയിപ്പുഴയില്‍ ജലനിരപ്പുയരുമ്പോള്‍ ഇത് സ്വാഭാവികമാണെന്നതിനാല്‍ കര്‍ഷകര്‍ അത്ര കാര്യമാക്കിയില്ല. സാധാരണഗതിയില്‍ ഇത്തരത്തില്‍ വെള്ളത്തിന്റെ ഒഴുക്ക് കൃഷിയിടങ്ങളിലേക്കുണ്ടായാല്‍ ഒന്നോരണ്ടോ ദിവസത്തെ വേനലില്‍ അതിറങ്ങിപ്പോകും. എന്നാല്‍ ഇക്കുറി അതുണ്ടായില്ലെന്ന് മാത്രമല്ല, ഓരോദിവസവും വെള്ളം കൂടിവന്നു. ഞായറാഴ്ച രാവിലെ കര്‍ഷകര്‍ കൃഷിയിടത്തിലെത്തിയപ്പോള്‍ കണ്ടത് കുഞ്ഞുവാഴകളെല്ലാം വെള്ളത്തിനടിയിലായതാണ്. വയലുകളിലും മറ്റുമായി 300-ലേറെ കര്‍ഷകരാണ് വാഴനട്ടത്. 300 മുതല്‍ 700 വാഴകള്‍ വരെ ഓരോ കര്‍ഷകരും നട്ടിട്ടുണ്ട്. ചില വാഴത്തോപ്പിലേക്ക് ആളുകള്‍ക്ക് നടന്നുപോകാന്‍ പാറ്റാത്തത്രയും വെള്ളം കയറി.

വാഴക്കന്ന് വാങ്ങിയതുമുതല്‍ നട്ടുനനച്ച് പരിചരിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് ഒരു കന്നിന് ഇതുവരെ 100 രൂപയോളം ചെലവായതായി കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ പറയുന്ന ചെലവ് കൂട്ടിയാല്‍ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

Tags:    

Similar News