കളനാട് റെയില്‍വേ സ്റ്റേഷനിലെ രണ്ട് പാളങ്ങളിലും കല്ലുകള്‍ നിരത്തി; യുവാവ് അറസ്റ്റില്‍

കളനാട് റെയില്‍വേ സ്റ്റേഷനിലെ രണ്ട് പാളങ്ങളിലും കല്ലുകള്‍ നിരത്തി; യുവാവ് അറസ്റ്റില്‍

Update: 2024-11-20 02:14 GMT

കാസര്‍കോട്: കളനാട് റെയില്‍വേ സ്റ്റേഷനിലെ രണ്ട് പാളങ്ങളിലും കല്ലുകള്‍ നിരത്തിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ഏഴംകുളം ബേബി വില്ലയിലെ അഖില്‍ ജോണ്‍ മാത്യു(21)വിനെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 1.50-ഓടെ സംഭവ സ്ഥലത്ത് നിന്നും പോലിസ്അറസ്റ്റ് ചെയ്തത്. അമൃത്സര്‍-തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12484) കടന്നുപോകുന്നതിന്മുന്‍പാണ് അഖില്‍ കല്ലുകള്‍ നിരത്തിയത്. പുലര്‍ച്ചെ 1.10-ന് വണ്ടി ഈ പാളത്തിലൂടെ കടന്നുപോയി. വിവരം ലഭിച്ച അന്വേഷണസംഘം കളനാട്ടെത്തി സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്ന അഖിലിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവം അട്ടിമറിയല്ലെന്ന് കാസര്‍കോട് ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള മംഗളൂരു ഇന്‍സ്‌പെക്ടര്‍ എം.അക്ബര്‍ അലി പറഞ്ഞു. റെയില്‍വേ നിയമം 147, 154 എന്നിവ പ്രകാരം റെയില്‍വേ പരിധിയില്‍ അനുവാദമില്ലാതെ അതിക്രമിച്ച് കയറിയതിനും തീവണ്ടിയാത്രക്കാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടാക്കിയതിനുമാണ് കേസ്.

പ്രണയം തകര്‍ന്നതിന്റെ വിഷമത്തില്‍നിന്ന് കരകയറാനാണ് പാളത്തില്‍ കല്ലുകള്‍ നിരത്തിയതെന്ന് അഖില്‍ അന്വേഷണസംഘത്തോട് പറഞ്ഞു. കല്ലുകള്‍ക്ക് മുകളിലൂടെ തീവണ്ടി പോകുന്ന ശബ്ദം കേള്‍ക്കുകയെന്നതായിരുന്നു ഉദ്ദേശ്യം. ചങ്ങനാശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന അഖില്‍ ഞായറാഴ്ചയാണ് ബെംഗളൂരുവിലുള്ള പെണ്‍സുഹൃത്തിനെ കാണാന്‍ തീവണ്ടി കയറിയത്. സുഹൃത്തിനെയും കൂടെകൂട്ടി. യാത്രാമധ്യേ, തന്നെ കാണാന്‍ വരേണ്ടെന്ന് പെണ്‍ സുഹൃത്ത് തീരുമാനം മാറ്റിയതോടെ വഴിക്കിറങ്ങി. എന്നാല്‍ ഏത് സ്റ്റേഷനിലാണ് ഇറങ്ങിയതെന്ന് അറിയില്ലെന്നും കാസര്‍കോട്ടെത്തിയത് മാത്രമാണ് ഓര്‍മ്മയിലുള്ളതെന്നും അഖില്‍ പറഞ്ഞു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും മറ്റുമായി തിങ്കളാഴ്ച പകല്‍ ഇവരെ കണ്ടവരുണ്ട്. കൈയിലെ പണം തീര്‍ന്നതിനാല്‍ യാത്ര തുടരാനാകാതെ അലയുകയായിരുന്നു. തിങ്കളാഴ്ച രാത്രി ചന്ദ്രഗിരിപ്പാലം വഴി നടന്ന് കളനാട് റെയില്‍വേ പാളത്തിന് സമീപമെത്തി. വിജനമായ സ്ഥലമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് അഖില്‍ രണ്ട് പാളത്തിലും കല്ലുകള്‍ നിരത്തിയത്.


Tags:    

Similar News