പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പല്ല് അടിച്ച് തെറിപ്പിച്ചു; 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പല്ല് അടിച്ച് തെറിപ്പിച്ചു; 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
സീനിയര്‍ വിദ്യാര്‍ഥികളുടെപേരില്‍ കേസ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസ്. കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ചൊവ്വാഴ്ച സ്കൂള്‍വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ഇഷാമിനെയാണ് ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചത്.
കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍കലോത്സവത്തില്‍ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ്ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പോലീസിന് കിട്ടിയ വിവരം. ജൂനിയര്‍ വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ പോസ്റ്റ്ചെയ്ത റീലിന് കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
രണ്ടുദിവസംമുന്പ് ഇതിന്റെ പേരില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ഗ്രൗണ്ടില്‍ ഏറ്റുമുട്ടി. അധ്യാപകര്‍ ഏറെ പരിശ്രമിച്ചാണ് അന്ന് സംഘര്‍ഷം ഒഴിവാക്കിയത്. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ചത്തെ അക്രമം. പരിക്കേറ്റ ഇഷാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
സംഘട്ടനവുമായി ബന്ധപ്പെട്ട് 14 വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സ്കൂളില്‍നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചു. കുറ്റാരോപിതരുടെയും പരാതിക്കാരുടെയും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.