പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റ ചട്ടം ലംഘിച്ച് പത്ര പരസ്യം; എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്‍കിയതായി കളക്ടര്‍

എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്‍കിയതായി കളക്ടര്‍

Update: 2024-11-30 18:19 GMT

പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ തലേദിവസം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വിവാദ പരാമര്‍ശങ്ങളോടെ പത്രപരസ്യം നല്‍കിയ സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്‍കിയതായി പാലക്കാട് ജില്ലാ കളക്ടര്‍. അനുമതി ഇല്ലാതെ പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ മാധ്യമ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പാലക്കാട് ജില്ലാ കളക്ടര്‍ വിശദമാക്കുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് എല്‍ഡിഎഫ് മീഡിയാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയില്ലാതെ നല്‍കിയ വിവാദ പരസ്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് വിശദമാക്കി. അധികാരത്തിന്റെ മറവില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ വല്ല നീക്കവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോയാല്‍ അതിനെ ശക്തമായി നേരിടുമെന്നും യുഡിഎഫ് പ്രതികരിച്ചു.

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യത്തിലാണ് എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്‍കിയത്. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ വന്ന പരസ്യമാണ് വിവാദത്തില്‍ ആയത്. 'ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം' എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചായിരുന്നു പരസ്യം. എന്നാല്‍ എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്നായിരുന്നു വിവാദത്തേക്കുറിച്ച് മന്ത്രി എംബി രാജേഷ് പ്രതികരിച്ചത്.

എല്‍ഡിഎഫിന്റെ വിവാദ പരസ്യത്തില്‍ സുപ്രഭാതം വൈസ് ചെയര്‍മാനും ഗള്‍ഫ് ചെയര്‍മാനുമായ സൈനുല്‍ ആബിദീന്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായി എത്തിയിരുന്നത്. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്നാണ് സൈനുല്‍ ആബിദീന്‍ പറഞ്ഞത്. പരസ്യം ബിജെപിക്ക് ഗുണകരമായെന്നും. സന്ദീപ് വാര്യരുടെ മാറ്റം എന്ത് കൊണ്ട് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നുമാണ് സൈനുല്‍ ആബിദീന്‍ വിമര്‍ശിച്ചത്.

Tags:    

Similar News