നായക്കുട്ടിയുമായി യുവാക്കള്‍ ബസില്‍ കയറി; കയറ്റരുതെന്ന് ജീവനക്കാര്‍; വിദ്യാര്‍ത്ഥികളുമായി വാക്കേറ്റം; തമ്മിലടിച്ച് വിദ്യാര്‍ഥികളും യുവാക്കളും
നായക്കുട്ടിയുമായി ബസില്‍ കയറി, തമ്മിലടിച്ച് വിദ്യാര്‍ഥികളും യുവാക്കളും
കൊല്ലം: ബസില്‍ നായക്കുട്ടിയുമായി കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി. കൊല്ലത്തേക്ക് പോയ ബസില്‍ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. യുവാക്കളെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
സംഭവത്തില്‍ കൈതക്കോട് സ്വദേശികളായ അമല്‍, വിഷ്ണു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ യുവാക്കള്‍ നായയെ കയറ്റിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
പുത്തൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ ബസിലാണ് നായക്കുട്ടിയുമായി രണ്ടു യുവാക്കള്‍ കയറിയത്. വിദ്യാര്‍ത്ഥികളും ഒട്ടേറെ യാത്രക്കാരും അടക്കം തിരക്കുള്ള സമയമായതിനാല്‍ നായക്കുട്ടിയുമായി കയറരുതെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതുവകവെയ്ക്കാതെ ഇവര്‍ ബസില്‍ കയറി.
ബസില്‍ വെച്ച് നായ ബഹളം വെച്ചതോടെ തര്‍ക്കമായി. ഇതേത്തുടര്‍ന്ന് നായക്കുട്ടിയുമായി ഇറങ്ങണെന്ന് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയിലുമെത്തുകയായിരുന്നു. യുവാക്കള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് യുവാക്കളെയും നേരിട്ടു. ബസിനുള്ളിലും പുറത്തിറങ്ങിയും പരസ്പരം ഏറ്റുമുട്ടി.
നാട്ടുകാര്‍ കൂടി ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെത്തു. വൈദ്യപരിശോധന അടക്കം നടത്തിയ ശേഷം ഇരുവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.