വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച 'വ്യാജ കളക്ടര്‍'; ഔദ്യോഗിക അറിയിപ്പ് എത്തുന്നതിന് മുമ്പ് വ്യാജ സന്ദേശം; 17കാരനെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തി ഉപദേശിച്ച് പൊലീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച 'വ്യാജ കളക്ടര്‍
മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 17കാരനെ വിളിച്ചുവരുത്തി ഉപദേശം നല്‍കി വിട്ടയച്ചു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തിയത്.
മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 17 -കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കളക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി സാജു കെ. എബ്രഹാം, സൈബര്‍ പോലീസ് ക്രൈം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വാട്സാപ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.
സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ. നജ്മുദ്ദീന്‍, സി.പി.ഒ.മാരായ ജസീം, റിജില്‍രാജ്, വിഷ്ണു ശങ്കര്‍, രാഹുല്‍ എന്നവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.