വാഹനാപകടത്തില്‍ മരിച്ചയാളുടെ മകനോട് കൈക്കൂലി വാങ്ങി; എസ്‌ഐയെ സ്ഥലം മാറ്റി
വാഹനാപകടത്തില്‍ മരിച്ചയാളുടെ മകനോട് കൈക്കൂലി വാങ്ങി; എസ്‌ഐയെ സ്ഥലം മാറ്റി
കോട്ടയം: വാഹനാപകടത്തില്‍ മരിച്ചയാളുടെ മകനോട് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ എസ്.ഐ.യെ സ്ഥലംമാറ്റി. കോട്ടയം ഈസ്റ്റ് പോലീസ്സ്റ്റേഷനിലെ എസ്.ഐ. അലക്‌സ് ജോണിനെയാണ് ജില്ലാ പോലീസ് മേധാവി മാറ്റിയത്. ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖിന്റെ പരാതിയിലാണ് നടപടി.
പനച്ചിക്കാട്ട് സ്‌കൂട്ടര്‍യാത്രക്കാരന്‍ മരിച്ച സംഭവത്തിലാണ് കൈക്കൂലി വാങ്ങിയത്. പോലീസ്സ്റ്റേഷനിലെത്തിയ മകനോട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 500 രൂപ വാങ്ങിയെന്നാണ് പരാതി. വിവരം മകന്‍, ജില്ലാ പഞ്ചായത്തംഗത്തോട് പറയുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിലും, എസ്.ഐ. കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. എസ്.എച്ച്.ഒ. നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം പറഞ്ഞിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കാണ് അലക്‌സിനെ മാറ്റിയിട്ടുള്ളത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഡ്യൂട്ടികളില്‍ നിയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.