വീട്ടുമാറാത്ത കൈമുട്ട് വേദനയ്ക്ക് ശസ്ത്രക്രിയ; 36കാരന്റെ കൈയ്യില്‍ നിന്നും കിട്ടിയത് 25 വര്‍ഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്: കൂര്‍ത്തപല്ലിന്റെ പകുതിയോളം കിട്ടിയത് മുട്ടില്‍ തൊലിയോടു ചേര്‍ന്ന ഭാഗത്ത് നിന്നും
ശസ്ത്രക്രിയ കൈമുട്ടു വേദനയ്ക്ക്; കിട്ടിയത് കാൽനൂറ്റാണ്ടു മുൻപുകടിച്ച പട്ടിയുടെ പല്ല്
ചേര്‍ത്തല: വിട്ടുമാറാത്ത കൈമുട്ടുവേദനയ്ക്ക് ശസ്ത്രക്രിയ നടത്തിയപ്പോള്‍ മുപ്പത്തിയാറുകാരന്റെ കൈയ്യില്‍ നിന്നും കിട്ടിയത് പട്ടിയുടെ പല്ല്. സ്‌കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ കടിച്ച പട്ടിയുടെ പല്ലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം കൈയ്യില്‍ നിന്നും പുറത്തെടുത്തത്. കഴിഞ്ഞ 25 വര്‍ഷമായി പല്ല് കൈമുട്ടിലുണ്ടായിരുന്നു. ചേര്‍ത്തല തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കൈമുട്ടില്‍നിന്നാണ് കാല്‍നൂറ്റാണ്ടിനുശേഷം പട്ടിയുടെ പല്ല് പുറത്തെടുത്തത്.
11 -ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കേയാണ് വൈശാഖിനെ പട്ടി കടിച്ചത്. കടിച്ച പട്ടിയുടെ പല്ല് കൈയ്യില്‍ കുടുങ്ങിയത് ആരും അറിഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മുട്ടില്‍ തൊലിയോടു ചേര്‍ന്നാണ് കൂര്‍ത്തപല്ലിന്റെ പകുതിയോളം ഭാഗം കണ്ടെത്തിയത്.
പട്ടികടിയേറ്റപ്പോള്‍ മുറിവിന് പ്രാഥമിക ചികിത്സമാത്രമേ ചെയ്തിരുന്നുള്ളൂ. പട്ടിയുടെ പല്ല് ഇരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല. മുറിവുണങ്ങിയതിനാല്‍ തുടര്‍ചികിത്സ നടത്തിയതുമില്ല. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴയായതോടെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും പ്രശ്‌നം കണ്ടെത്തിയില്ല. ഒടുവിലാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്.
ശസ്ത്രക്രിയ നടത്തുമ്പോള്‍ പട്ടികടിയുടെ കാര്യം സര്‍ജന്‍ ഡോ. മുഹമ്മദ് മുനീര്‍ അറിഞ്ഞിരുന്നില്ല. മുഴ മാറ്റുന്നതിനിടയിലാണ് ഡോക്ടറെ ഞെട്ടിച്ച് പല്ലിന്റെ ഭാഗം തെളിഞ്ഞുവന്നത്. അപ്പോഴാണ് 25 വര്‍ഷം മുന്‍പ് പട്ടികടിച്ച കാര്യം വൈശാഖ് പറഞ്ഞത്. പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം.
വൈശാഖ് ബുധനാഴ്ചതന്നെ ആശുപത്രിവിട്ടു. തുടര്‍പ്പരിശോധനയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഡോ. മുഹമ്മദ് മുനീര്‍ പറഞ്ഞു. നഴ്സിങ് ഓഫീസര്‍മാരായ വി. ശ്രീകല, സാന്ദ്രാ സലിം, റിയ എന്നിവര്‍ ശസ്ത്രക്രിയയില്‍ സഹായികളായി. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് വൈശാഖ്.