പഞ്ചാബിലെ മൊഹാലിയില്‍ ആറുനില കെട്ടിടും തകര്‍ന്ന് വീണ് ഒരു മരണം: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
പഞ്ചാബിൽ ആറു നില കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു
ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറുനില കെട്ടിടം തകര്‍ന്നു വീണ് വന്‍ അപകടം. നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എത്രപേര്‍ കുടുങ്ങിയെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു മൊഹാലി എസ്എസ്പി ദീപക് പരീഖ് അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്.
ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവന്‍ നഷ്ടപ്പെടരുതെന്നാണു പ്രാര്‍ഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്സില്‍ കുറിച്ചു. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവര്‍ത്തിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.