അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; റവന്യു വകുപ്പിലെ 38 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; റവന്യു വകുപ്പിലെ 38 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയതിന് റവന്യു വകുപ്പിലെ 38 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ആദ്യമായാണ് ഒരു സര്‍ക്കാര്‍ വകുപ്പിലെ ഇത്രയധികം പേരെ അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയതിനു സസ്‌പെന്‍ഡ് ചെയ്യുന്നത്. നേരത്തേ, മണ്ണു പര്യവേക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. റവന്യു വകുപ്പിലെ പാര്‍ട്ടൈം സ്വീപ്പര്‍, ക്ലാര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലുള്ള 34 പേരെയും സര്‍വേ ഡയറക്ടറേറ്റിനു കീഴിലെ പാര്‍ട്ടൈം സ്വീപ്പര്‍, സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ , ഓഫിസ് അറ്റന്‍ഡന്റ് തസ്തികകളിലെ നാലു ജീവനക്കാരെയുമാണു റവന്യു വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
പെന്‍ഷന്‍ തുകയായി 5600 രൂപ മുതല്‍ അര ലക്ഷം രൂപയിലേറെ വരെ വിവിധ മാസങ്ങളിലായി ഇവര്‍ കൈപ്പറ്റി. ഈ തുക 18 % പലിശ സഹിതം ഈടാക്കുകയും ചെയ്യും. ധനവകുപ്പു നടത്തിയ പരിശോധനയിലാണ് വിവിധ വകുപ്പുകളിലെ ആയിരത്തി അഞ്ഞൂറോളം ജീവനക്കാര്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പണം തിരിച്ചുപിടിക്കാനും കടുത്ത വകുപ്പുതല നടപടി സ്വീകരിക്കാനും വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.