പുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; 72 അടി ദൂരത്തില്‍ സുരക്ഷാ വേലി വേണം; ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി
പുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം
കൊച്ചി: പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി.മേനോന്‍ പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നല്‍കിയത്. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടി ദൂരത്തില്‍ സുരക്ഷാ വേലി വേണമെന്നാണ് പ്രധാന നിര്‍ദേശം. വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.
40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇതു നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെതിരെ സംഘാടകരായ ഗാല ഡി ഫോര്‍ട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുവദിച്ചതോടെ ഇത്തവണ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പപ്പാഞ്ഞിയെ കത്തിക്കും.
നേരത്തെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിച്ച് വെളി ഗ്രൗണ്ടില്‍ ഗാലാഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് ഹൈക്കോടതിയെ സമീപിച്ചത്.
ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നത് പൊലീസ് തടഞ്ഞത്. ഡിസംബര്‍ 31ന് രാത്രി ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നതിനു സുരക്ഷ ഒരുക്കാന്‍ മാത്രം ആയിരത്തിലേറെ പൊലീസുകാര്‍ വേണമെന്നാണ് കണക്ക്. ഇതിനു പുറമെ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പൊലീസ് വാദം.
ഇരു മൈതാനങ്ങളും തമ്മില്‍ രണ്ടു കിലോമീറ്റര്‍ അകലമാണുള്ളത്. എല്ലാ വകുപ്പുകളില്‍നിന്നും ആവശ്യമായ സുരക്ഷാ അനുമതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പപ്പാഞ്ഞിക്കു ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ ഒരുക്കുന്നതടക്കമുള്ള ഉപാധികളോടെ കോടതി അനുമതി നല്‍കിയത്.
വെളി മൈതാനത്ത് സുരക്ഷാ നടപടികളുടെ ഭാഗമായി സംഘാടകര്‍ 42 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പുതുവത്സര ദിവസം വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രത്യേക പവിലിയന്‍ സജ്ജമാക്കും. പൊലീസ് നിരീക്ഷണത്തിനായി ടവറുകള്‍ സജ്ജീകരിക്കാനും സംഘാടകര്‍ തീരുമാനിച്ചിരുന്നു. വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്ന കാര്യത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് കോടതിയെ ഉത്തരവോടെ ഇല്ലാതായത്. കഴിഞ്ഞ വര്‍ഷവും പപ്പാഞ്ഞിയെ തയാറാക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.
കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയത്.
ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് പുറമേ ചുറ്റുവട്ടത്ത് തന്നെ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങിനും മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നത് സാധ്യമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗാലാഡി ക്ലബ്ബിന് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയത്.