സിജെ റോയിയുടെ മരണം പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല; നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ്

Update: 2026-02-05 07:10 GMT

ബെംഗളൂരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിയോഗത്തിന് പിന്നാലെ കമ്പനിയുടെ ഭാവി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ വിശദീകരണവുമായി മാനേജ്മെന്റ്. റോയിയുടെ മരണം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ഭയം വേണ്ടെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് വ്യക്തമാക്കി. റോയിയുടെ മരണശേഷം ഇതാദ്യമായാണ് കമ്പനി ഔദ്യോഗികമായി പ്രതികരിക്കുന്നത്.

ബെംഗളൂരുവിലെ ബിസിനസ് കാര്യങ്ങള്‍ മാത്രമാണ് റോയി നേരിട്ട് കൈകാര്യം ചെയ്തിരുന്നതെന്നും കേരളത്തിലെ പ്രോജക്റ്റുകളുടെ പൂര്‍ണ്ണ ചുമതല തനിക്കാണെന്നും ടി.എ. ജോസഫ് പറഞ്ഞു. കമ്പനിക്കെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളി. തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണമില്ലെന്നും ഇഡിയോ സിബിഐയോ കമ്പനിക്ക് പിന്നാലെ അന്വേഷണവുമായി എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണശേഷവും സി.ജെ. റോയിയെ ചിലര്‍ വേട്ടയാടുകയാണെന്നും ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും എം.ഡി കുറ്റപ്പെടുത്തി. നിക്ഷേപകരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ നാളെ മുതല്‍ കൊച്ചിയിലെ ഓഫീസില്‍ താന്‍ നേരിട്ടുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Similar News