ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച് തൂമ്പയുമായി എത്തി; സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തി തുറക്കാന്‍ ശ്രമം: സിസിടിവിയില്‍ കുടുങ്ങിയ യുവാവിനെ ഉടനടി പിടികൂടി പോലിസ്

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തി തുറക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Update: 2024-12-28 01:00 GMT

കണ്ണൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ ഉടനടി പിടികൂടി പോലിസ്. പെരിങ്ങത്തൂരിലാണ് സംഭവം. വടകര തൂണേരി സ്വദേശിയായ വിഘ്‌നേശ്വര്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. അര്‍ദ്ധരാത്രി തൂമ്പയുമായി എടിഎമ്മിലെത്തിയ ഇയാള്‍ എടിഎം മെഷീന്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

ഡിസംബര്‍ 25ന് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചാണ് യുവാവ് തൂമ്പയുമായി പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ എത്തിയത്. തൂമ്പ ഉപയോഗിച്ച് മെഷീനിന്റെ രണ്ട് വശവും കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. എടിഎം കൗണ്ടറിനുള്ളില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു.

ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് സംഘം വെള്ളിയാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു. പ്രൊബേഷന്‍ എസ്.ഐ വിനീതിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ സൗജിത്, തലശ്ശേരി എ.എസ്.പി സ്‌ക്വാഡ് അംഗങ്ങളായ രതീഷ്, ലിജു, ശ്രീലാല്‍, ഹിരണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News