ഡി. ജി. പി ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി സര്‍വീസില്‍ നിന്നും വിരമിക്കുന്നു; വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരമടക്കം നേടിയ ഐപിഎസ് ഓഫീസര്‍

ഡി. ജി. പി ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി സര്‍വീസില്‍ നിന്നും വിരമിക്കുന്നു

Update: 2024-12-29 12:52 GMT

കൊച്ചി: ഡി. ജി. പി ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി ഡിസംബര്‍ 31ന് സര്‍വീസില്‍ നിന്ന് വിരമിക്കും. നിലവില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ സേവനമനുഷ്ഠിക്കുന്ന ഒഡീസ സ്വദേശിയായ ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി 1991 ബാച്ച് ഐ പി എസ് ഓഫീസറാണ്. ഒഡീസയിലെ ഗവണ്മെന്റ് സംബല്‍പ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി എച് ഡി, ഐഐഎം ബാംഗ്ലൂര്‍, യു എസ് എ യിലെ സിറാക്യൂസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് എം ബി എ, കാണ്‍പൂര്‍ ഐ ഐ ടി യില്‍ നിന്ന് എം ടെക് എന്നിവ നേടിയ ശേഷമാണ് ഡോ. പട്‌ജോഷി സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. അതിനു മുന്‍പ് അദ്ദേഹം റെയില്‍വേയിലും ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസിലും സേവനമനുഷ്ഠിച്ചിരുന്നു.

ഇരിഞ്ഞാലക്കുട എ എസ് പി, കൊച്ചിയില്‍ ജോയിന്റ് കമ്മീഷണര്‍, കെ എ പി 2, എസ്ആര്‍ എ എഫ് എന്നിവിടങ്ങളില്‍ കമാന്റന്റ്, പാലക്കാട്, കൊല്ലം ജില്ലകളില്‍ എസ് പി, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍, പോലീസ് ആസ്ഥാനത്ത് സ്‌പെഷ്യല്‍ സെല്‍, ടെലികമ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍ എസ് പി, ഗവര്‍ണറുടെ എ ഡി സി എന്നീ ചുമതലകള്‍ വഹിച്ചു. യു എന്‍ കൊസോവോ മിഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍, കേന്ദ്ര ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയത്തില്‍ ജോയിന്റ് ഡയറക്ടര്‍, കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രലയത്തില്‍ ജോയിന്റ് സെക്രട്ടറി, കേരള പോലീസ് അക്കാദമി ഡി ഐ ജി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി എന്നിവിടങ്ങളില്‍ ഐ.ജി, തീരദേശ പോലീസില്‍ എ ഡി ജി പി, പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനില്‍ മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചു.

ഇതിനു പുറമെ മില്‍മ, കെഎസ് ആര്‍ ടി സി, കെ എസ് എഫ് ഡി സി, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എന്നീ സ്ഥാപങ്ങളില്‍ എം ഡി, അഗ്‌നിശമന സേന, ദുരന്ത നിവാരണ വകുപ്പ് എന്നിവിടങ്ങളില്‍ ഡയറക്ടര്‍ ജനറല്‍ എന്നീ തസ്തികളിലും സേവനംഅനുഷ്ഠിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം (2016), ഐക്യരാഷ്ട്രസഭ പുരസ്‌കാരം (2001), കാണ്‍പൂര്‍ ഐ ഐ ടിയുടെ സത്യേന്ദ്ര ദുബൈ പുരസ്‌കാരം(2011), നാഗ്പൂര്‍ എന്‍ ഐ ടി യുടെ പുരസ്‌കാരം (2019) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News