63-ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും; പതിനയ്യായിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും: വെള്ളാര്‍മലയുടെ പാട്ടും ചുവടും ഇന്ന് വേദി കീഴടക്കും
കലാ മാമാങ്കത്തിന് ഇന്ന് തിരിതെളിയും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു തലസ്ഥാനത്ത് തിരിതെളിയും. പതിനയ്യായിരത്തോളം കുട്ടികള്‍ അഞ്ചു ദിവസങ്ങളിലായി 25 വേദികളിലാണ് മത്സരിക്കുന്നത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നു രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തും. ഒന്നാം വേദിയായ 'എംടി നിള'യില്‍ 10നു മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. തുടര്‍ന്ന് കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം. വയനാട് വെള്ളാര്‍മല ജിഎച്ച്എസ്എസിലെ കുട്ടികള്‍ അതിജീവന നൃത്തശില്‍പവും അവതരിപ്പിക്കും. 8ന് വൈകിട്ട് 5ന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ടോവിനോ തോമസ് പങ്കെടുക്കും.ഗോത്ര നൃത്തരൂപങ്ങള്‍ മത്സരവേദിയിലെത്തുന്ന ആദ്യസംസ്ഥാന കലോത്സവമാണ് ഇത്തവണത്തേത്.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇത്തവണ വൊളന്റിയേഴ്സ് ആയി എത്തുന്ന കുട്ടികള്‍ക്കു മന്ത്രി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് നല്‍കും. കലോത്സവത്തിന്റെ പാചകപ്പുര ഇന്നലെ രാവിലെ മുതല്‍ പുത്തരിക്കണ്ടം മൈതാനിയില്‍ സജീവമായി. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 100 പേരുടെ സംഘമാണു പാചകത്തിനുള്ളത്. ഒരേസമയം 4000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്.
സദ്യയ്ക്കായുള്ള കലവറ നിറയ്ക്കല്‍ ഇന്നലെ നടന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളടക്കം സംഭാവന ചെയ്ത പാചക വിഭവങ്ങള്‍ 12 ബിആര്‍സികളില്‍ ശേഖരിച്ച ശേഷം ഇവിടെ എത്തിക്കുകയായിരുന്നു. അരി, നാളികേരം, പഞ്ചസാര, തേയില എന്നിവയാണു കൂടുതലും സംഭാവനയായി ലഭിച്ചത്. മറ്റു പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയുമുണ്ട്. നാളെ മുതല്‍ സദ്യ പൂര്‍ണ തോതിലാകും. ഉച്ചഭക്ഷണം 20,000 പേര്‍ക്കും പ്രഭാത, രാത്രി ഭക്ഷണം 10,000 പേര്‍ക്കു വീതവുമാണ് ഒരുക്കുന്നത്.
മത്സരാര്‍ഥികള്‍ക്ക് 253 സ്‌കൂളുകളിലായാണു താമസം ഒരുക്കിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസ സൗകര്യമുണ്ട്. 10 സ്‌കൂളുകള്‍ റിസര്‍വായും കരുതിയിട്ടുണ്ട്. എല്ലാ താമസ സ്ഥലങ്ങളിലും അധ്യാപകരെ 2 ഷിഫ്റ്റായി ഡ്യൂട്ടിക്ക് നിയോഗിച്ചു. പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്‌കൂളുകളില്‍ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും. എല്ലാ കേന്ദ്രങ്ങളിലും മത്സരവേദികള്‍, റൂട്ട്മാപ് തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
എട്ട് വര്‍ഷത്തിനു ശേഷമാണു തലസ്ഥാന നഗരയില്‍ സ്‌കൂള്‍ കലോത്സവം എത്തുന്നത്. കലോത്സവത്തില്‍ കിരീടമണിയുന്ന ജില്ലയ്ക്കു സമ്മാനിക്കുന്ന 117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കപ്പിന് ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ ഇന്ന് സ്വീകരണം നല്‍കും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് കപ്പിന്റെ 4 ദിവസം നീളുന്ന പ്രയാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം കലാകിരീടമണിഞ്ഞ കണ്ണൂര്‍ ജില്ലയിലാണു കപ്പ് സൂക്ഷിച്ചിരുന്നത്.