'സ്വര്‍ണമുതലാളി കം ചാരിറ്റി നായകനെതിരെ എന്ത് നടപടി സ്വീകരിക്കും'? നടി ഹണി റോസിന് പിന്തുണയുമായി വി ടി ബല്‍റാം

നടി ഹണി റോസിന് പിന്തുണയുമായി വി ടി ബല്‍റാം

Update: 2025-01-07 18:02 GMT

കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്‍ശനങ്ങള്‍ നടത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നല്‍കിയ നടി ഹണി റോസിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് പൊതുമാധ്യമത്തിലൂടെ ഉന്നയിച്ചിരിക്കുന്നതെന്നു കുറിച്ച ബല്‍റാം, ആരോപണ വിധേയനായ സ്വര്‍ണമുതലാളി കം ചാരിറ്റി നായകനെതിരെ ഇവിടുത്തെ ഭരണകൂടവും ഔദ്യോഗിക നിയമ സംവിധാനങ്ങളും എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോവുന്നത് എന്നറിയേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പണക്കൊഴുപ്പിനും പിആര്‍ ബലത്തിനും മുന്‍പില്‍ നിയമവ്യവസ്ഥ മുട്ടിലിഴയരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഹണി റോസ്, ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നല്‍കിയത്. പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്കെതിരേ ഒരാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു.

ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്.

Tags:    

Similar News