ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ മുടികൊഴിച്ചില്‍ വ്യാപകം; ഒരാഴ്ചയ്ക്കിടെ കഷണ്ടിയായത് ഒട്ടേറെപ്പേര്‍; വെള്ളത്തില്‍ രാസവളം കലര്‍ന്നത് മൂലമെന്ന് സംശയം
ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ മുടികൊഴിച്ചില്‍ വ്യാപകം; ഒരാഴ്ചയ്ക്കിടെ കഷണ്ടിയായത് ഒട്ടേറെപ്പേര്‍
മുംബൈ: ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഒട്ടേറെപ്പേര്‍ കഷണ്ടിയായി. മുടികൊഴിച്ചില്‍ വ്യാപകമാവുകയും ഒട്ടേറെ പേര്‍ ചികിത്സതേടി ആശുപത്രികളില്‍ എത്തുകയും ചെയ്തതോടെ പരിശോധനയുമായി ആരോഗ്യവകുപ്പ് ഗ്രാമങ്ങളിലെത്തി. നാഗ്പുര്‍ ഉള്‍പ്പെടുന്ന വിദര്‍ഭ മേഖലയിലാണ് ബുല്‍ഡാന. ജില്ലയിലെ കല്‍വാഡ്, ബോര്‍ഗാവ്, ഗിങ്ക്‌നെ ഗ്രാമങ്ങളിലാണ് വ്യാപകമായ മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൈകൊണ്ട് തടവുമ്പോള്‍ പോലും മുടി കൊഴിയുന്നു. സ്ത്രീകള്‍ അടക്കമുള്ള ഒട്ടേറെ പേര്‍ ആശുപത്രികളില്‍ എത്തിയതോടെയാണ് ആരോഗ്യ വകുപ്പു സംഘം സ്ഥലത്തെത്തിയത്. അന്‍പതിലേറെ പേര്‍ ഇതിനകം ആശുപത്രികളിലെത്തി. എണ്ണം കൂടിയേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാസവളം അമിതമായ അളവില്‍ കലര്‍ന്ന വെള്ളം ഉപയോഗിച്ചതാകാം മുടികൊഴിച്ചിലിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കിണര്‍വെള്ളം, ആളുകളുടെ മുടി, ചര്‍മം എന്നിവയുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.