വിസയും വിദേശ ജോലിയും വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപയുടെ തട്ടിപ്പ്; പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 30.60 ലക്ഷം രൂപ പിഴയും

വിസയും വിദേശ ജോലിയും വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപയുടെ തട്ടിപ്പ്; പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും

Update: 2025-01-11 02:46 GMT

കൊച്ചി: വിസയും വിദേശ ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്ക് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തടവും പിഴയും വിധിച്ചു. കോട്ടയത്ത് അമര്‍സ്പീക്ക് അമേരിക്കന്‍ ആക്സന്റ് അക്കാദമി എന്ന പേരില്‍ സ്ഥാപനം നടത്തി തട്ടിപ്പുനടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. തൊടുപുഴ സ്വദേശി സെബാസ്റ്റ്യന്‍ പി. ജോണും (37) മുന്‍ ഭാര്യ സ്റ്റെഫി മേരി ജോര്‍ജു (23) മാണ് യഥാക്രമം ഒന്നും രണ്ടും പ്രതികള്‍.

രണ്ടാം പ്രതിയുടെ മാതാവ് ജോണ്‍സി ജോസഫ് (46) നാലാം പ്രതിയും കോട്ടയം സ്വദേശി ബിജു (39) മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി സ്റ്റെഫി നിലവില്‍ വിദേശത്താണ്. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം പ്രതി ഒഴികെയുള്ളവര്‍ക്ക് അഞ്ചുവര്‍ഷം വീതം കഠിന തടവും വിവിധ വകുപ്പുകളിലായി 30.60 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

2008-09 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. സ്‌പെയിനിലും ഇറ്റലിയിലും യു.കെ.യിലുമെല്ലാം ജോലി വാഗ്ദാനം ചെയ്ത് 28 പേരില്‍നിന്നായി 29 ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് കേസ്. സി.ബി.ഐ. കൊച്ചി ബ്രാഞ്ചാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News