താഴെ ചരക്കുവാഗണുകളും മുകളില്‍ യാത്രാ കോച്ചുകളും; ഡബിള്‍ ഡക്കര്‍ തീവണ്ടി നിര്‍മ്മാണത്തിന് രൂപകല്‍പന തയ്യാറാക്കി റെയില്‍വേ
താഴെ ചരക്കുവാഗണുകളും മുകളില്‍ യാത്രാ കോച്ചുകളും; ഡബിള്‍ ഡക്കര്‍ തീവണ്ടി നിര്‍മ്മാണത്തിന് രൂപകല്‍പന തയ്യാറാക്കി റെയില്‍വേ
ചെന്നൈ: ഡബിള്‍ ഡക്കര്‍ തീവണ്ടി നിര്‍മ്മാണത്തനായി റെയില്‍വേ ബോര്‍ഡ് രൂപകല്പന തയ്യാറാക്കി. താഴെ ചരക്കുവാഗണുകളും മുകളില്‍ യാത്രാ കോച്ചുകളോടുംകൂടിയ തീവണ്ടിക്കാണ് രൂപ കല്‍പന. ചരക്കുഗതാഗതത്തില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണിതെന്ന് റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും രൂപകല്പന. വാഹനങ്ങളിലൂടെ തുറമുഖങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്ന ചെറിയ കണ്ടെയ്‌നറുകളും പാര്‍സലുകളും ഡബിള്‍ ഡക്കര്‍ തീവണ്ടിയിലേക്ക് മാറ്റുകയെന്നതാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.
കൂടുതല്‍ സാധ്യതകള്‍ ആരായാനും കുറ്റമറ്റരീതിയില്‍ ഇത് നടപ്പാക്കാനും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. സ്റ്റേഷനുകളില്‍ പാര്‍സലുകള്‍ ഇറക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് പഠിക്കാനും നിര്‍ദേശിച്ചു. വിവിധ സ്ഥലങ്ങളില്‍നിന്ന് തുറമുഖങ്ങളിലേക്കാകും തീവണ്ടി സര്‍വീസ് നടത്തുക. കപൂര്‍ത്തല കോച്ച് ഫാക്ടറിയിലാണ് മാതൃക നിര്‍മിക്കുക. 10 കോച്ചുകള്‍ നിര്‍മിക്കും. ഒരു കോച്ചിന് നാലുകോടിയാണ് കണക്കാക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളിലാകും പരീക്ഷണ ഓട്ടം.